Sunday, December 23, 2007

അഞ്ചു ഖണ്ഡങ്ങളില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ




ക്ലാസുകളില്‍ നിന്നും മുങ്ങി
ഉച്ചപ്പടം കാണാന്‍ പോകുന്നവര്‍ക്ക്
നോട്ടുകളെഴുതിക്കൊടുത്തിരുന്നു
ഞങ്ങള്‍ പെണ്‍കുട്ടികള്‍

വീര ശൂര പരാക്രമികളായ
ഷമീര്‍, ആനന്ദ്, പ്രശാന്ത്
ജോബിഷ്, അലിയാര്‍ തുടങ്ങി
ഓരോരുത്തരും ഞങ്ങളുടെ
അജ്ഞതക്കു മേല്‍
പഞ്ച പാവങ്ങളായി.

വൈകുന്നേരം
രാധാന്റിയുടെ
ഹോട്ടലില്‍ നിന്നും
പാതി വെന്ത ഉള്ളിവട
ഒരു പാക്കറ്റ് ജീരക മിട്ടായി
പരീക്ഷാ ഫീസ് അടക്കാനുള്ള
കാഷ് മറന്നു പോയാല്‍
നൂറു രൂപാ കടം
ഇങ്ങനെ പോകുന്നു
ഞങ്ങളുടെ പ്രതിഫലം

മറന്നു പോകുന്ന
രസതന്ത്ര സൂത്രവാക്യങ്ങള്‍
ഷേക്സ്പിയര്‍ ഉദ്ധരണികള്‍
സന്ധി സമാസ വൃത്താന്തങ്ങള്‍
ഓരോന്നും
ഓരോ ഉച്ചപ്പടക്കാരന്റെയും
വിയര്‍പ്പു മണക്കുന്ന
ഒറ്റ നോട്ടില്‍
ഞങ്ങള്‍ കുറിച്ചിട്ടു.

കുറിക്കുന്തോറും
ഞങ്ങളുടെ ഹൃദിസ്ഥം
കൂടി വന്നു.
2
അവര്‍
ഉച്ചപ്പടത്തിനു പുറമേ
ഉച്ചപ്പുകയും പതിവാക്കി.
കുമാരേട്ടന്റെ ചായക്കട
തീവണ്ടി സ്റ്റേഷന്‍ പോലെ
പുകയിലമര്‍ന്നു.
ഞങ്ങളുടെ ജോലിഭാരവും
കൂടി വന്നു.
വേവാത്ത വടയ്ക്കു പകരം
പൊറോട്ടയും ഹാഫ് ചില്ലിയുമായി
ജീരകമിട്ടായിക്ക് പകരം
ഐസ്ക്രീമായി.

ഐസ്ക്രീം
രാഷ്റ്റ്രീയ ചിഹ്നമാകും വരെ
അതു തുടര്‍ന്നു.
അച്ഛന്റെ പോക്കറ്റില്‍ നിന്നും,
പെയിന്റിങ്, വാര്‍പ്പ്, ആശാരി-
പ്പണികളില്‍ നിന്നുമുള്ള
അവരുടെ വരുമാനത്തിന്റെ
പങ്ക്
ഞങ്ങളും പറ്റി വന്നു.
3

ഉച്ചപ്പടം കാണാന്‍ പോയവരോട്
എങ്ങനെയുണ്ടാ‍യിരുന്നു
എന്നു ചോദിക്കണമെന്നുന്ണ്ടായിരുന്നു
ഞങ്ങള്‍ക്ക്
ഒരേ
ബഞ്ചിലിരിക്കുന്ന നേരം
അല്ലെങ്കില്‍
കുടയില്ലാത്ത മഴയില്‍
വൈകുന്നേരം
മുറിച്ചു കടക്കുന്ന നേരം
ഞങ്ങളോരോരുത്തരും
അവന്റെ വിയര്‍പ്പ് മണത്ത്
ഉച്ചപ്പടത്തിന്റെ രുചിയറിഞ്ഞു.

ഷക്കീല, രമ്യ, രേഷ്മ
ഇവരൊക്കെ
സ്ത്രീത്വത്തിനു അപമാനമെന്നു ഞങ്ങള്‍
പരസ്യമായി
മുദ്രാവാക്യം മുഴക്കി.

മുത്ത്, മുത്തുച്ചിപ്പി
അനീഷിന്റെ ബാഗില്‍
നിന്നും പൊക്കിയ
സി ഡി
രഹസ്യമായി ആസ്വദിച്ചു.
4

ക്ലാസില്‍ നിന്നും
മുങ്ങുമെങ്കിലും
പാഠങ്ങളെല്ലാം
പഠിച്ചിരുന്നു
അവര്‍.

ഞങ്ങളൊ
പരീക്ഷാഹാളില്‍
ചോദ്യങ്ങളാവാന്‍
സാധ്യതയുള്ളവ
ചെറുകുറിപ്പുകളും
കോഡ് വാക്കുകളുമാക്കി
മുലയിടുക്കുകളില്‍
അടിവസ്ത്രത്തിനുള്ളില്‍
നിക്ഷേപിച്ചു.
ചില ആണ്‍കുട്ടികള്‍
ഞങ്ങളുടെ വിദഗ്ധമായ
കോപ്പിയടി ആസ്വദിച്ച്
പരീക്ഷ എഴുതാന്‍ പോലും മറന്നു.
ആണ്‍കുട്ടികളെയെല്ലാം
കോപ്പിയടിക്കാരായി
കരുതുന്ന അധ്യാപകര്‍ക്ക്
പവര്‍ എക്സ്റ്റ്രാ പുഞ്ചിരി
സമ്മാനിച്ച് ഞങ്ങള്‍
കോപ്പിയടി തുടര്‍ന്നു.
പരീക്ഷാ ഹാളിലായിരുന്നു
പെണ്‍കുട്ടികളായതില്‍
ഞങ്ങള്‍
അഭിമാനിച്ചിരുന്നത്.
5
ഒരു നിറം മങ്ങിയ
ഗ്രൂപ്പു ഫോട്ടോയില്‍ നിന്ന്
എന്തെല്ലാം ഓര്‍മകള്‍
വേര്‍തിരിച്ചെടുക്കാം അല്ലേ
ചിതലു വീണ ഈ ഫോട്ടോയിലെ
ഓരൊ മുഖവും
ഇപ്പോള്‍ എവിടെ
ആയിരിക്കും?

അതിലെത്ര പേര്‍
ഈ കവിത വായിക്കും?
ഇനി
അഥവാ ഈ ഫോട്ടോയിലെ
ആരെങ്കിലും
നിരൂപകരോ
കവികളോ ആയിത്തീര്‍ന്നിട്ടുണ്ടാവുമോ?
അങ്ങനെയെങ്കില്‍
എന്റെ ജീവിതം
അവര്‍ നിരൂപണം ചെയ്യുമോ
എന്നെക്കുറിച്ച്
കവിതയെഴുതുമോ?








26 comments:

അലി said...

ഒരു നിറം മങ്ങിയഗ്രൂപ്പു ഫോട്ടോയില്‍ നിന്ന്എന്തെല്ലാം ഓര്‍മകള്‍വേര്‍തിരിച്ചെടുക്കാം അല്ലേ
ചിതലു വീണ ഈ ഫോട്ടോയിലെഓരൊ മുഖവുംഇപ്പോള്‍ എവിടെആയിരിക്കും?

നമുക്കന്വേഷിക്കാം

ക്രിസ്തുമസ് പുതുവത്സരാശംസകള്‍

യാരിദ്‌|~|Yarid said...

ഇതെന്തുവാ എഴുതിവെച്ഛിരിക്കുന്നെ. ഉത്തരാധുനിക കവിത വല്ലതുമാണൊ.. അല്ല വായിച്ഛിട്ടൊന്നും മന്‍സ്സിലായില്ല അതുകൊണ്ട് ചോദിചത..!!!!

ദേവന്‍ said...

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയേ കയ്യിലുള്ളൂ. അത് വീടിന്റെ ആധാരവും മറ്റുമൊന്നിച്ച് ഞാന്‍ നാട്ടില്‍ ബാങ്ക് ലോക്കറില്‍ പൂട്ടി വച്ചിരിക്കുന്നു. പടം മുപ്പതു കൊല്ലത്തെ പഴക്കം കൊണ്ട് മങ്ങിത്തുടങ്ങി.

ചിത്രത്തില്‍ നടുക്കിരിക്കുന്ന ടീച്ചര്‍ ഹൃദയാഘാതം വന്ന് മരിച്ചു പോയി. വലത്തേയറ്റം നില്‍ക്കുന്നത് ശ്രീദേവി. അവള്‍ പതിന്നാലു വയസ്സില്‍ ഒരു മദ്ധ്യവയസ്കനെ വിവാഹം കഴിച്ചു. വിവാഹപ്രായം എത്തിയ രണ്ടുമക്കളുള്ള വിധവയായി എന്റെ നാട്ടില്‍ ചായക്കട നടത്തുന്നു. അടുത്തു നില്‍ക്കുന്നത് കല, എന്റെ കസിന്‍. സൗദി അറേബ്യയില്‍ വീട്ടമ്മ. സുജ, എന്റെ ആദ്യ കാമുകി (കപ്പത്തണ്ടുകൊണ്ട് ഞാന്‍ അവള്‍ക്ക് താലി കെട്ടിയിട്ടുണ്ട് ഒത്തിരി തവണ) സിംഗപ്പൂരില്‍ എഞ്ചിനീയര്‍. ചിത്ര സര്‍ക്കാര്‍ ജീവനക്കാരി. റാണി ഡോക്റ്റര്‍, ലാലി എല്‍ ഐ സി ഏജന്റ്. ബാക്കിയൊക്കെ ആരാണോ..
ആണ്‍കുട്ടികളില്‍ ജോണ്‍സണ്‍ ബി എസ് എഫ് ജവാന്‍, സാജന്‍ ബാലിസ്റ്റിക്ക് സയന്റിസ്റ്റ്, ഷാജി അമേരിക്കയില്‍ എന്തോ എഞ്ചിനീയര്‍, മധു ലോക്കല്‍ രാഷ്ട്രീയ നേതാവ്, യോഹന്നാന്‍ ബിസിനസ്സുകാരന്‍ പ്രകാശ് കമേര്‍ഷ്യല്‍ പൈലറ്റ്,വില്‍സണ്‍ ലൈന്മാന്‍, അബ്ദുള്‍ ലത്തീഫ് മരിച്ചു പോയി...
ആരും എഴുത്തുകാരന്‍ ആയില്ല ആയാലും എഴുതാന്‍ ഞാന്‍ വിഷയവുമാവില്ല :)

ഹാരിസ് said...

നിങ്ങള്‍ അറിയാതെപോയ ഒരുവന്‍ കൂടിയൂണ്ടായിരുന്നു ക്യാമ്പസില്‍.ഒരു ഗ്രൂപ് ഫോട്ടോയിലും തിരഞ്ഞാല്‍ അവനെ കിട്ടില്ല.അവന്‍ ഒറ്റക്ക് കോളേജില്‍ വരികയും നിശബ്ദമായി അവസാന ബെഞ്ചില്‍ വന്നിരിക്കുകയും ചെയ്തു.ഉച്ചപ്പടത്തിനു പോയിട്ട്,ഉച്ചയൂണിനു പോലും കാശ് തികയാഞ്ഞ് പലപ്പോഴും ക്ലാസില്‍ വരികപോലുമുണ്ടായില്ല.ഒരു ചെറുപുഞ്ചിരിക്കുപോലും വേണ്ടി നിങ്ങളവന്റെ മുഖത്ത് നോക്കിയില്ല.ആദ്യമായും അവസാനമായും നിങ്ങളവനെ നോക്കിച്ചിരിച്ചത്,അവന്റെ ഉടുമുണ്ടിന്റെ പിന്‍ഭാഗത്തെ ചെറിയ ദ്വാരം ആരോ നിങ്ങള്‍ക്കു കാണിച്ചു തന്ന ഒരു ദിവസമാണ്.അവന്റെ വിയര്‍പ്പിന് ഷക്കീലയുടെയും രേഷ്മയുടെയും മണമല്ലായിരുന്നു.അവന്‍ ചുമന്ന് തീര്‍ത്ത വെട്ടുകല്ലിന്റെയും ജീവിതഭാരത്തിന്റെയും മണമായിരുന്നു.

ശ്രീ said...

ഹൃദ്യമായ ഓര്‍‌മ്മകള്‍‌...

ഇതെല്ലാം സുഹൃത്തുക്കളും കൂടി വായിയ്ക്കാനിട വരട്ടെ.

ക്രിസ്തുമസ്സ് ആശംസകള്‍‌!
:)

ഉപാസന || Upasana said...

ഓര്‍മകള്‍ക്ക് സുഗന്ധമുണ്ട് നി...സ

ഇത് കവിതയാണെങ്കില്‍ അതില്‍ ഗദ്യം വളരെ കൂടുതലാണല്ലോ...
:)
ഉപാസന

കാവലാന്‍ said...

ഹ ഹ ഹ ഞാനഭിമാനിക്കുന്നു ഒരുത്തിയും ഫോട്ടോയിലൂടെന്നെത്തിരിച്ചറിയില്ല. ഞാന്‍ പോയിരുന്നില്ല ഫോട്ടോയെടുക്കാന്‍. ഏഴാം ക്ലാസ്സിലെയൊരു ഫോട്ടോയുണ്ട് അതിലെന്നെ ക്കണ്ടാലും പേരാര്‍ക്കുമറിയില്ല
എനിക്കന്നൊരു കുറ്റപ്പേരല്ലേയുണ്ടായിരുന്നുള്ളൂ...
ഒരോട്ടോഗ്രാഫും എന്നെയോര്‍മ്മിപ്പിക്കില്ല, ആരുമതെന്നോടാവശ്യപ്പെട്ടിട്ടില്ലല്ലോ,ഞാനാര്‍ക്കുമതെഴുതിക്കൊടുത്തിട്ടില്ലല്ലോ.
അവളുടെയോട്ടോഗ്രാഫിലൊരു ചിത്രമുണ്ടായിരിക്കാം പക്ഷേയതുഞാന്‍ വരച്ചത് അവനു വേണ്ടിയായിരുന്നു. എന്റെ സയന്‍സു ഗൈഡു തട്ടിപ്പറിച്ചവന്റെ കയ്യില്‍ നിന്നുമതുതിരിച്ചു വാങ്ങിത്തന്നവനു പ്രത്യുപകാരമായി ഞാന്‍ വരച്ചുകൊടുത്ത്.

നിലാവര്‍ നിസ said...

കൂട്ടൂകാര്‍.. അലി, വഴിപോക്കന്‍,ദേവന്‍, ഹാരിസ്, ശ്രീ, ഉപാസന, കാവലാന്‍.. സന്തോഷം.. ഓര്‍മകളുടെ ഈ പെരുമഴക്കാലത്തിന്..

ഹാരിസ്... അങ്ങനെ ഒരാളെ ആരും കണ്ടിട്ടില്ല എന്നു വിധിയെഴുതരുതേ.. തല്‍ക്കാലം കവിത എന്ന ലേബല്‍ മതി ഉപാസന.. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..

Sanal Kumar Sasidharan said...

ഈ നിലാവിന് ഒരു വെയില്‍മണം.ആ വെയില്‍ ഞാന്‍ കൊണ്ടിട്ടുമുണ്ട്.ഏതു സൂര്യനാണെന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്.നിലാവും നിസയുമൊന്നുമല്ല

ഗുപ്തന്‍ said...

സനാതനാ.... ഞാനും കുഴങ്ങുന്നു...
പക്ഷേ...


ഞാന്‍ പിന്നെ ഒന്നൂടെ വരാംട്ടോ...

Sherlock said...

നിസ , ഓര്‍മ്മകള്‍ പച്ചക്കു പറഞ്ഞിരിക്കുന്നു...:)

Teena C George said...

ഈ നിറം മങ്ങിയ ഗ്രൂപ്പു ഫോട്ടോ, നിറം മങ്ങാത്ത ഓര്‍മ്മകളിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്നു...
ആശംസകള്‍...

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.
പക്ഷേ ഒരുപാടു പരത്തിപ്പറഞ്ഞു വായനയുടെ സുഖം കളഞ്ഞു.
ക്രിസ്തുമസ് നവവത്സരാശംസകള്‍.!

ഗീത said...

എനിക്കു വളരെ പരിചിതമായ ഒരു ക്യാമ്പസ് ചിത്രം...

നിലാവര്‍ നിസ said...

സനാതനന്‍, ഗുപ്തന്‍... എല്ലാ നിലാവിലും സൂര്യപ്രകാശത്തിന്റെ അംശങ്ങളില്ലേ.. ശാസ്ത്രീയമായി നോക്കിയാലും.. ): ജിഹേഷ്, ടീന, വാല്‍മീകി, ഗീതിക.. സന്തോഷം..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്റെ പഴയ ആ ബ്ലാക്ക്&വൈറ്റ് ഫോട്ടോ ഞാനും എടുത്തു നോക്കി..ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!

‘ഈ നിലാവിന് ഒരു വെയില്‍മണം‘.. അങ്ങിനെയൊരു മണം സനാതനു കിട്ടി, ഗുപ്തന്‍ കുഴങ്ങി ! എന്തരോ ആവോ !! :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല വരികള്‍..
പുതുവത്സരാശംസകള്‍!

നിലാവര്‍ നിസ said...

വഴിപോക്കന്‍, മുഹമ്മദ് സഹീര്‍... സന്തോഷം..

dethan said...

സത്യം പറയട്ടെ;ഇത് കവിതയല്ല.വരികള്‍ മുറിച്ചെഴുതിയാല്‍ കവിതയാകില്ല.മുഷിയരുത്. പുതുവര്‍ഷാശംസകള്‍!

ദൈവം said...

കരുത്തുറ്റ വരികള്‍;
അഭിവാദ്യങ്ങള്‍

chithrakaran ചിത്രകാരന്‍ said...

ജീവിതത്തിന്റെ താളുകളില്‍നിന്നും ചീന്തിയെടുക്കുന്ന ഓര്‍മ്മകള്‍ ...മനോഹരമായിരിക്കുന്നു.

ഹാരിസ്‌ എടവന said...

really
inginey preedegrikku enikkoru life undayirunnu
alla njangalkku
still we have only memmories
thanx nisa
very very thanx
becz memmories coming again

Anonymous said...

u said it.. i feel it..and i was there...yes i share the memmories..thank u..

sree said...

കാ‍ണാന്‍ വൈകിച്ചാലും പറയാതെ പൊകുന്നതെങ്ങനെ?
”എന്റെ ജീവിതം അവര്‍ നിരൂപണം ചെയ്യുമൊ? എന്നെക്കുറിച്ച് കവിത എഴുതുമോ”
മറന്നുപോവുന്നതായിരുന്നു ഭേധം അല്ലെ? കത്തിച്ചു കളയാം നമുക്ക് ഈ ഗ്രൂപ്പ് ഫോട്ടോകള്‍.

നിലാവു പൊലെ തെളിഞ്ഞും മറിഞ്ഞും ആശയങ്ങള്‍.നന്നായിട്ടുണ്ട്.

Shaf said...

ഹൃദ്യമായ ഓര്‍‌മ്മകള്‍‌...
nizaa that photo is not showing ,i coulndt see ..

Shaf said...

ഹൃദ്യമായ ഓര്‍‌മ്മകള്‍‌...
nizaa that photo is not showing ,i coulndt see ..

hahahah
:)