Monday, February 25, 2008

ഒരിക്കല്‍ മാത്രം

പ്രണയകാലത്ത്
ഒരിക്കല്‍ മാത്രമേ
ഞാന്‍ നിന്നെ ചുംബിച്ചിട്ടുള്ളൂ.
നിലോഫര്‍ പുഷ്പത്തില്‍ വീണ
മഴത്തുള്ളി പോലെ
സദാ അതെന്നെ
ഹര്‍ഷം കൊള്ളിക്കുന്നു.

ഒരിക്കല്‍ മാത്രമേ നീയെനിക്ക്
ജന്മദിനാശംസ നേര്‍ന്നിട്ടുള്ളൂ.
അതെന്റെ ജീവിതത്തെ
തീവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നു.

ഒരിക്കല്‍ മാത്രമേ
ഞാന്‍ കവിതയെഴുതിയിട്ടുള്ളൂ
ആ കവിത
രാത്രിയുടെ ഏകാന്തതയില്‍
എന്നെ നിലാവു കണക്കെ
ആശ്വസിപ്പിക്കുന്നു.

ഇനി എനിക്കൊരു തവണ കൂടി
നിന്നെ വേണം.
അന്ന്
ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..

Monday, February 18, 2008

വാലന്റൈന്‍ കവിതകള്‍

ഒന്ന്:

നാരങ്ങാമിട്ടായി നുണയുന്ന
കൂട്ടുകാരിയെ കളിയാക്കി
അവന്‍ അവള്‍ക്ക് ഒരു ഐസ്ക്രീം നല്‍കി
ഐസ്ക്രീം കഴിച്ചു തുടങ്ങിയതും
അവളുടെ സ്നേഹത്തിന്റെ പതയില്‍
അവനലിഞ്ഞില്ലാതായി.

രണ്ട്:

മഴ പെയ്യുന്ന വൈകുന്നേരം
കടലു നോക്കി
കടല കൊറിച്ച്
അവരിരുന്നു
‘ഞാന്‍ കടലാണ്
നീ മഴയും’
അവള്‍ പറഞ്ഞു
പറഞ്ഞു തീര്‍ന്നതും
അവന്‍ അവളിലേക്ക്
മഴയായ് പെയ്തു തുടങ്ങി.

മൂന്ന്:

പ്രണയത്തെ ഉപമിക്കാന്‍
ഉപമകളൊന്നുമില്ലാത്ത രാത്രിയില്‍
മുറ്റത്ത് പാതി വിടര്‍ന്ന
റോസാപ്പൂവിന്റെ
ഒറ്റയിതള്‍ മുറിച്ച്
മൊബൈല്‍ ഫോണിലൂടെ
ഞാനവനോട്
ഇപ്പോഴെന്താണ് മണക്കുന്നതെന്നു
ചോദിച്ചു.

അവന്‍ പറഞ്ഞു:
ശവം മണക്കുന്നു.

അങ്ങനെയാണ്
അവളുടെ രക്തത്തിന്
റോസാപ്പൂവ് എന്ന ഉപമ കിട്ടിയത്.