Tuesday, December 4, 2007

പ്രവാചക
ഒരു സായാഹ്നം.


നഗരത്തിന്റെ പതിവു തിരക്കുകളിലൂടെ നടക്കുമ്പോഴാണ് പിന്നില്‍ ഒച്ചയുണ്ടാക്കാതെ വന്ന അവളെ കണ്ടത്. ഭിക്ഷാടനം നിരോധിച്ച ശേഷം കാണാതായ രൂപങ്ങളിലൊന്ന്. ചിതറിയ മുടി. എപ്പോഴും തവിട്ടു നിറത്തിലുള്ള വസ്ത്രം. പൊടിയണിഞ്ഞ മുഖം. അനാവശ്യമായ ഒരു ഗൌരവം വാരിച്ചൂടിയ കണ്ണുകള്‍. കോളേജില്‍ നിന്നിറങ്ങിയതു മുതല്‍ ഈ മൂപ്പത്തിയാര് നമ്മുടെ പിറകെയാണല്ലോ എന്നു കൂട്ടുകാരി. എന്തായാലും കക്ഷിക്ക് ഒരു തിരക്കുമില്ല. ഇളവെയില്‍ തട്ടി മൂക്കിലെ വെള്ളക്കല്‍ മൂക്കുത്തി തിളങ്ങുന്നുണ്ട്.


ഞങ്ങള്‍ നടത്തം പതുക്കെയാക്കി. തിരിഞ്ഞു നോക്കുമ്പൊള്‍ ആ കൊച്ചു നോട്ടം ഞങ്ങളില്‍ തന്നെ പതിഞ്ഞിരുന്നു. തോളില്‍ ഒരു ചെറിയ സഞ്ചി. കയ്യില്‍ ഒരു കട്ട നൂല്‍. ഞങ്ങള്‍ ചുറ്റും നോക്കി. നഗരം ശുദ്ധത തുടിക്കുന്ന ഒന്നാണ്. അതിന്റെ അന്തസ്സിനു യോജിക്കാത്ത അഴുക്കുകളെ തുടച്ചു നീക്കാനുള്ള വ്യഗ്രതയുമായി ശുചീകരണ തൊഴിലാളികള്‍ ചുറ്റുമുണ്ടാവും. ഏതു വേഷത്തിലാണ് അവര്‍ പ്രത്യക്ഷ പ്പെടുകയെന്ന് അറിയാനാവില്ല.


അപ്പോളേക്കും അവള്‍ അടുത്തെത്തിയിരുന്നു. ഒരു മുഖവുരയുമില്ലാതെ എന്റെ കയ്യില്‍ പിടിച്ച് അവള്‍ ചോദിച്ചു;


“ പേശലാമാ?”


ഹമ്പടി മിടുക്കീ എന്നായി ഞാന്‍. പക്ഷെ അവളുടെ കണ്ണുകളിലെ ഭാവം ഒരു പുഞ്ചിരിയെപ്പോലും ചൂരല്‍ മുനയില്‍ നിര്‍ത്തുന്ന ഒന്നായിരുന്നു. എന്തായാലും എന്താണീ പേശലുകാരിക്ക് പറയാനുള്ളതെന്നറിയാന്‍ ഞങ്ങള്‍ റോഡിന്റെ വശം ചേര്‍ന്നു നിന്നു.


‘കൈ നോക്കി പറയാം”, തമിഴും മലയാളവും കലര്‍ന്ന ഇമ്പമുള്ള ഭാഷയില്‍ അവള്‍ സംസാരിച്ചു തുടങ്ങി. “നടന്നത് നടക്കുന്നത് നടക്കാനിരിക്കുന്നത് പറയാം... പത്തു രൂപ തന്നാല്‍ മതി. “

ഭാവിക്ക് വെറും പത്തു രൂപയോ.


ഞങ്ങള്‍ അവളെയും കൊണ്ട് (ഇതിനകം ഞാനവള്‍ക്ക് ഒരു പേരു കൊടുത്തിരുന്നു- ശെല് വി- നഷ്ടമായിപ്പോയ ഒരു കൂട്ടുകാരിയുടെ പേര്. ഇരു വശത്തും താമരകള്‍ പൂത്തുലഞ്ഞു കിടക്കുന്ന ഒരു ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലെ പെണ്‍കുട്ടി) ലൈബ്രറിയിലേക്കു നടന്നു. ലൈബ്രറിയുടെ മുന്നിലെ പടിക്കെട്ടിലിരിക്കുമ്പോള്‍ വീണ്ടും അസ്വസ്ഥത ഞങ്ങളെ ഞെരുക്കാന്‍ തുടങ്ങി. ലോകത്തിന്റെ കണ്ണുകളില്‍ നിന്നും ഒളിച്ചു പിടിക്കേണ്ട എന്തിന്റെയൊ സൂക്ഷിപ്പുകാരെ പോലെ . ശെല്‍ വിയാകട്ടേ, അനായാസതയോടെ, ഇതെല്ല്ലാം എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ എന്റെ നേരെ കൈ നീട്ടി.


എന്റെ ഇടതു കൈ അല്പം കുറ്റബോധത്തൊടെ ആ കുഞ്ഞിക്കൈകളില്‍ പതിഞ്ഞു. വല്ലാതെ പര്പരുത്ത കൈകള്‍. ഏതാണ്ട് അഞ്ചു മിനിട്ട് അവള്‍ മിണ്ടാതെയിരുന്നു. ഏതോ ചിന്തയിലാണ്ട പോലെ മേല്‍ച്ചുണ്ട് കടിച്ചു പിടിച്ച്.. ഇമ ചിമ്മാതെ കയ്യിലെ ഓരോ രേഖയായി നുള്ളീപ്പെറുക്കി..


“എന്താ ഒന്നും കാണുന്നില്ലേ?”


ഒരു ചൂടു പിടിച്ച നോട്ടമായിരുന്നു മറുപടി. ഞാന്‍ തെറ്റു പറ്റിയ പോലെ കുറച്ച് ഒതുങ്ങിയിരുന്നു. മനസ്സിലൊരു വിചാരണ നടക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ഭിക്ഷാടനത്തിനു ഉപയോഗിക്കുന്ന എതെങ്കിലും നെറ്റ് വര്‍ക്കിന്റെ ഭാഗമായിരിക്കും ഇവളും. ഇവള്‍ക്ക് കാശ് കൊടുത്താല്‍ അതു പോയിച്ചേരുക അത്തരം സാമൂഹ്യ ദ്രോഹിളുടെ കയ്യിലാവില്ലേ.. അങ്ങനെ എന്തൊക്കെയൊ സംശയങ്ങള്‍..


ശെല്‍ വി മുഖം നേരെയാക്കി, ചൂണ്ടുവിരല്‍ കൈത്തലം മുഴുവനുമോടിച്ചു പറഞ്ഞു തുടങ്ങി. അറുപതെട്ടു വരെ നീളാവുന്ന ആയുസ്, വലിയ മോശമില്ലാത്ത ധനരേഖ, ചില സ്പെഷ്യല്‍ ‘സ്ത്രീകള്‍ക്കു മാത്രം’ ദുഖങ്ങളുടെ പട്ടിക (കുടിയന്‍ ഭര്‍ത്താവ് മുതലായവ).. ഏതാണ്ട് പത്തു മിനിട്ടോളം നീണ്ട പ്രവചനത്തിനൊടുവില്‍ മഞ്ഞളിന്റെയും നല്ലെണ്ണയുടെയും ഗന്ധം പരത്തുന്ന ഒരു തമിഴ് പെണ്ണായി ഞാന്‍ രൂപാന്തരപ്പെട്ടിരുന്നു. പഠനം , ജോലി , അതൂടി ചോദിക്ക്.. കൂട്ടുകാരി അടക്കം പറഞ്ഞു.


ഈ പ്രവാചിക അതിനു എന്തു മറുപടി പറയും.. ഞാന്‍ എന്നോടു തന്നെ ചൊദിച്ചു. എത്ര വേഗമാണ് ജീവിതത്തിന്റെ ചില ആര്‍ക്കിട്ടൈപ്പുകളിലേക്ക് ഇവള്‍ നമ്മളെ തിരുകിയിറക്കുന്നത്.. തന്റെ നേരെ നീളുന്ന ഓരൊ കയ്യിലും അവള്‍ കാണുന്നത് അവളുടെ അമ്മയുടെ പണീ ചെയ്തു മെലിഞ്ഞ, കരുത്ത ചരടണിഞ്ഞ കൈകളായിരിക്കും. അവളുടെ അക്കായുടെ (ചെറിയ എന്തെങ്കിലും പണിക്ക് പോകുന്ന തലമുടി ഇരുവശത്തും പിന്നിയിട്ട ആ ദാവനിക്കാരി) ആകാംക്ഷ നിറഞ്ഞ കണ്ണുകളായിരിക്കും ഓരോ പെണ്മുഖത്തു ീന്നും അവളെ ഉറ്റുനോക്കുന്നത്. ഓരൊ കാലടിയിലും അവള്‍ കാണുക സ്വന്തം ഗ്രാമത്തിന്റെ മണ്ണും സങ്കടങ്ങളുമായിരിക്കും. ജീവിതം അവള്‍ക്ക് കൊടുത്ത ചില തിരിച്ചറിവുകള്‍.. അതിനപ്പുറം, എന്റെ കൊച്ചു പ്രവാചകേ... നീയെന്തു പറയാനാണ്?


അമ്മയെപ്പൊലെ ഒരു അമ്മായിയമ്മയെ കിട്ടുമെന്നും മുപ്പത്തി രണ്ട് വയസ്സു കഴിഞ്ഞാല്‍ ജീവിതം അലട്ടലില്ലാതെയാകുമെന്നുമുള്ള ആശ്വാസവചനങ്ങളോടെ അവള്‍ നിര്‍ത്തി. രണ്ടു നിമിഷം ഞാന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. കരിയിലകള്‍ കാറ്റടിച്ചു മാറും പോലെ ഒരു കുട്ടിത്തം, കുട്ടിത്തത്തിന്റെ ഒരു ചെറിയ കണിക, അവളുടെ കണ്ണില്‍ മിന്നിമായുന്നത് ഞാന്‍ കണ്ടു. അവള്‍ സഞ്ചി കയ്യിലെടുത്തിരുന്നു. കയ്യിലിരുന്ന ഒരു കട്ട നൂല്‍ (എന്തിനായിരിക്കുമത്?) അവള്‍ ഭദ്രമായി സഞ്ചിയിലിട്ടു. പിന്നെ ഗൌരവത്തോടെ എന്നെ നോക്കി.ഉവ്വ്. അവളുടെ കൂലി. പത്തു മിനിറ്റ് കൊണ്ട് കാലങ്ങളെ മറികടന്നതിനു അവള്‍ക്ക് നല്‍കേണ്ട ദക്ഷിണ.


“ഒരു മിനിറ്റ്” എന്നു പറഞ്ഞ് ഞാന്‍ അവളുടെ കയ്യെടുത്ത് മടിയില്‍ വച്ചു. അസംഖ്യം രേഖകള്‍. സാധാരണ ഇവലുടെ പ്രായത്തിലുള്ള കുട്ടികളുടെ കയ്യില്‍ ഇത്രയും രേഖകളുണ്ടാവാറില്ല. ഭൂതവും ഭാവിയുമൊക്കെ അടയാളപ്പെടുത്തി, ഒരു മായ്ച്ചു കളയലിന്റെ സാധ്യത പോലുമില്ലാതെ, ജീവിതം ഇത്ര നെരത്തേ ഒരുക്കി നിര്‍ത്തിയോ ഇവളെ? എന്താവും ഈ രേഖകള്‍ പറയുന്നത്? മുന്നില്‍ തൊഴുത്തും വൈക്കോല്‍ തുറുവുമുള്ള ഒരു വീട്, മുറ്റത്തെ അശോക പൂക്കള്........?നേരം വൈകുന്നു എന്നു പറഞ്ഞ് കൂട്ടുകാരി എണീറ്റു. ഞാന്‍ ശെല് വി‍യെയും കൊണ്ട് പുറത്തേക്ക് നടന്നു. അവളുടെ അക്ഷമമായ നോട്ടം എന്റെ മുഖത്തും കയ്യിലും മാറി മാറി പതിക്കുന്നുണ്ടായിരുന്നു. ഫുട്പാത്തില്‍ നിന്ന് ബാഗില്‍ തിരഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു:


“മോള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി തരട്ടെ? ബേക്കറിയില്‍ നിന്ന്... അതൊ ഹോട്ടലീന്നോ..’


അവളുടെ മുഖം ചെറുതായി.


“പൈസ താമാ..’


“ശെല്‍ വീ..’ ഞാനറിയാതെ വിളിച്ചുപോയി.. അവളുടെ മുഖത്ത് ഒരു നിമിഷം ആശയക്കുഴപ്പം നിറഞ്ഞു. “നിനക്ക് ഇഷ്ടമുള്ളത് വാങ്ങിക്കോ.. നിനക്കതല്ലെ എളുപ്പം... ഒറ്റക്ക് പീടികയിലൊന്നും പോകേണ്ട..വാ..”


പെട്ടെന്ന് ഒരു ജോടി നഖങ്ങള്‍ എന്റെ കയ്യില്‍ അമര്‍ന്നു. “പൈസ തരുവിയാ ഇല്ലൈ...” അവളുടെ മുഖം തീ പിടിച്ച പോലെ ചുവന്നു. കയ്യിനുള്ളില്‍ നിന്നു തലനീട്ടിയ ഒരു പത്തു രൂപ നോട്ട് വലിച്ചെടുത്ത് ഒരു കൊടുങ്കാറ്റ് പോലെ അവള്‍ തിരിഞ്ഞ് നടന്നു. എന്റെ കണ്ണും കയ്യും ഒരുപോലെ നീറുന്നുണ്ടായിരുന്നു.. ശെല്‍ വി റോഡ് മുറിച്ചു കടന്ന് ഞങ്ങള്‍ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു... തിരിച്ച്...

19 comments:

Sul | സുല്‍ said...

ബൂലോകത്ത് ഒരു പുതിയ എഴുത്തുകാരികൂടി.
നന്നായിരിക്കുന്നു ഈ കഥ, പറഞ്ഞതും.

ഫോണ്ട് ബോള്‍ഡ് അല്ലാതിരിക്കുന്നതാണ് നല്ലത് വായിക്കാന്‍.

-സുല്‍

റഷ്യക്കാരന്‍ said...

വളരെ നല്ല എഴുത്ത്. അതിഭാവുകത്വമില്ലാത്ത നല്ല വിവരണം. അഭിനന്ദനങ്ങള്‍.

ഒരു ഡൌട്ടിങ്ങനെ വട്ടമിട്ട് പറക്കുന്നു. പ്രവാചകപ്പെണ്ണ് പ്രവാചികയോ പ്രവാചകിയോ സരിഗമപധനിസേ? ഡൌട്ട് ഡൌട്ടായിത്തന്നെ കണ്ട് ഡൌട്ടില്ലാത്ത ഒരു സ്പെല്ലിംഗ് കണ്ടുപിടിക്കൂ. എന്നിട്ടു വേണം എനിക്കതൊന്നു പഠിക്കാന്‍. :)

നിലാവര്‍ നിസ said...

സുല്‍, റഷ്യാക്കാരന്‍... നന്ദി.
പ്രവാചിക എന്നാണു ഈയുള്ളവളുടെ ഒരു വിവരം. നോക്കട്ടെ, പന്മനയെക്കൂടി ഒന്നു റഫര്‍ ചെയ്തിട്ട് റഷ്യയിലേക്ക് വിവരം എത്തിക്കാം ട്ടോ

സനാതനന്‍ said...

നന്നായിട്ടുണ്ട്.
കൂടുതല്‍ നന്നാവുമായിരുന്നോ !

ഉപാസന | Upasana said...

നിലാവര്‍ നിസ

വ്യത്യസ്തമായ പേര് പോലെ ഒരു വ്യത്യസ്തമായ നല്ല കഥ...
ഇനിയും എഴുതുക ഇതു പോലെ ഒത്തിരി നല്ല ക്ഥകള്‍
:)
ഉപാസന

ഏ.ആര്‍. നജീം said...

നല്ല ഒഴുക്കുള്ള എഴുത്ത്..
തുടര്‍ന്നും എഴുതുക..ആശംസകള്‍.

റഷ്യക്കാരന്‍ said...

അപ്പോള്‍ ലതാണ് ശരിക്കൊള്ള സ്പെല്ലിംഗ് അല്ലേ... റഷ്യക്കൊള്ള എഴുത്തുവരാഞ്ഞത് പോട്ടെ.. ആ റ്റൈറ്റില്‍ ഒഴികെ ബാക്കി ഒള്ളടത്ത് അതുതിരുത്താന്‍ പോലും നേരം കിട്ടീല്ല അല്ലേ...

ഹരിശ്രീ said...

പെട്ടെന്ന് ഒരു ജോടി നഖങ്ങള്‍ എന്റെ കയ്യില്‍ അമര്‍ന്നു. “പൈസ തരുവിയാ ഇല്ലൈ...” അവളുടെ മുഖം തീ പിടിച്ച പോലെ ചുവന്നു. കയ്യിനുള്ളില്‍ നിന്നു തലനീട്ടിയ ഒരു പത്തു രൂപ നോട്ട് വലിച്ചെടുത്ത് ഒരു കൊടുങ്കാറ്റ് പോലെ അവള്‍ തിരിഞ്ഞ് നടന്നു. എന്റെ കണ്ണും കയ്യും ഒരുപോലെ നീറുന്നുണ്ടായിരുന്നു.. ശെല്‍ വി റോഡ് മുറിച്ചു കടന്ന് ഞങ്ങള്‍ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു... തിരിച്ച്...

നിലാവര്‍ നിസ : കഥ നന്നായിരിയ്കുന്നു. ആശംസകള്‍

പ്രയാസി said...

കൈ നോക്കിയതിന്റെ കാശു കോടുക്കാതെ മുങ്ങാന്‍ നോക്കിയതല്ലെ..
നഖമല്ലെ ഉപയോഗിച്ചുള്ളു ഭാഗ്യം..!

നിലാവര്‍ നിസ said...

സനാതനന്‍, ഉപാസന, നജീം, റഷ്യാക്കാരന്‍, ഹരിശ്രീ, പ്രയാസി, നന്ദി.
വിവരം റഷ്യയിലെത്തും മുന്‍പ് സെര്‍വെര്‍ പ്രശ്നമായതാണ്... ഇതാ... കറക്ഷന്‍ മുഴുവനാക്കിയിരിക്കുന്നു... ഇനിയുള്ള വിശേഷങ്ങള്‍ കൃത്യമായി റഷ്യയില്‍ എത്തുന്നതായിരിക്കും..

സിമി said...

കഥ നന്നായിട്ടുണ്ട്. കഥയോ നടന്ന സംഭവമോ എന്നു തോന്നി :-) നല്ല എഴുത്ത്.

നിലാവര്‍ നിസ said...

നന്ദി സിമി.. കഥയല്ല.. നടന്ന സംഭവം തന്നെയാണ്..

Geetha Geethikal said...

നിലാവര്‍നിസ നല്ല പേര്.....
കഥ യും കൊള്ളാം...

ഫോണ്ട് ഇത്തിരികൂടി വലുതാക്കിയെങ്കില്‍...

വഴി പോക്കന്‍.. said...

;) കൊള്ളാം...

koottukaran said...

nilavu kooduthal prabha vitharatte..

നിലാവര്‍ നിസ said...

ഗീത, വഴിപോക്കന്‍, കൂട്ടുകാരന്‍.. നന്ദി.

കിനാവ് said...

കഥ ഇഷ്ടായി.

അലി said...

നല്ല കഥ...
ഭാവുകങ്ങള്‍!

Shaf said...

ഇനിയും എഴുതുക ഇതു പോലെ ഒത്തിരി നല്ല ക്ഥകള്‍
:)
shaf