Wednesday, January 30, 2008

അവനായി ഒരു കവിത

അവനു മാത്രമായി
ഞാനെഴുതിയില്ല
ഒരു കവിതയുമിതേവരെ

അവന്‍ ബാക്കിവച്ചതാം
മണം
ചില നോട്ടങ്ങള്‍
ഊഷ്മളദാഹങ്ങള്‍
ആദ്യം പറഞ്ഞ വാക്ക്
ഒരേ കുടയില്‍ നനഞ്ഞ മഴ
എല്ലാം
ഹൃദയത്തില്‍ ചൂടോടെ കത്തുന്നുണ്ട്
ഏകാന്തതകളില്‍
ലാവയായ് തിളയ്ക്കുന്നുണ്ട്.
എന്നിട്ടുമവനായ്
എഴുതിയില്ല ഒരു വരിയും
ഇതു വരെ.

അവനെ കാണുന്നേരം
ഞാനെന്റെ ഭാഷ മറന്നു പോകുന്നു
അടുത്തിരിക്കുമ്പോള്‍
ഉന്മാദപ്പൂ വിരിയുന്നു
അവന്റെ നോക്കില്‍ നിന്നും
ജീവിതത്തിന്റെ പച്ച വിരി മാറ്റുന്നു.

ഇനിയും വയ്യ
അവനായൊരു
കവിതയെഴുതാതിരിക്കുവാന്‍

വാക്കിനെറിഞ്ഞ വലയില്‍
ചത്ത സ്വപ്നത്തിന്റെ മുട്ടകള്‍ മാത്രം
വാക്കേ വാക്കേ
നീയെവിടെയാണാ‍വോ
ഒന്നടുത്തു വന്നെങ്കില്‍
നിന്നെ മുറിച്ച്
സന്ധി സമാസം പുരട്ടി
അവന്
ഞാനൊരു വിരുന്നൊരുക്കുമായിരുന്നു.

Tuesday, January 15, 2008

ഒറ്റ

ആകാശം
ആരോ
അടയ്ക്കാന്‍ മറന്ന
ജാലകമാണ്.
അതിന്റെ ഓരോ അഴികളില്‍ നിന്നും
നിന്റെ കണ്ണുകള്‍
നക്ഷത്രങ്ങളായി
എന്നെ ഉറ്റുനോക്കുന്നു.

ഓരോ മഴത്തുള്ളിയില്‍ നിന്നും
നിന്റെ വിരലുകള്‍
മേഘങ്ങളുടെ സുതാര്യത കൊണ്ട്
എന്നെ സ്പര്‍ശിക്കുന്നു.

ചെടികള്‍
നിന്റെ ഹൃദയത്തില്‍ നിന്ന്
എന്റെ ഹൃദയത്തിലേക്ക്
വേരുകള്‍ നീട്ടുന്നു.

(ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം
പണിതീരാത്ത
നമ്മുടെ വീട്ടുമുറ്റത്തേതായിരുന്നുവോ)

എങ്കിലും
പ്രണയമേ
നീ എന്തിനാണ്
ഈ അനന്തതയിലേക്ക്
അവന്റെ ഹൃദയത്തിലേക്ക്
എന്നെ
ഒറ്റക്കാക്കി പോയത്..