Monday, December 31, 2007

കത്തുന്നിടം

അവനെഴുതുന്ന കത്തിന്റെ
ഓരോ വരിയിലുമുണ്ടായിരുന്നു
ഒരു മഴക്കാലത്തിനു
പൊട്ടിമുളക്കാനിടം.

ഈ കത്തിനെ
ഏതു കുഞ്ഞുവിരലാണ്
നേര്‍ മയോടെ
മേഘങ്ങള്‍ക്കുള്ളിലേക്ക്
എയ്തുവിടുക?

അവനിത് വായിക്കുക
കടലില്‍
മഴത്തുള്ളിയായിട്ടാവുമോ.
മലയടിവാരത്തില്‍
ഒരു ചെറിയ വെള്ളപ്പൂവായി പൊട്ടിമുളച്ചാല്‍
അവനെന്റെ വരിതെറ്റിയ അക്ഷരങ്ങളെ
തിരിച്ചറിയുമോ?

അര്‍ദ്ധരാത്രി
കത്തിലടക്കം ചെയ്യപ്പെടാതെ പോയ
ഒരു ചുംബനത്തിന്റെ പൊള്ളലില്‍
അവന്‍
ഞെട്ടിയുണരുന്നുണ്ടാവുമോ.

നക്ഷത്രങ്ങളില്‍
അവനൊരു ഹൃദയത്തിന്റെ
ഉറഞ്ഞ ദൃശ്യം
കാണുന്നുണ്ടാവുമോ.

കത്തിനായി അവന്‍
തപാലാപ്പീസില്‍ കാത്തിരിക്കുമോ
പൊടിയലമാരയിലെ
മേല്വിലാസക്കാരനില്ലാത്തെ കത്തായി
ഞാന്‍ മാറുമോ.

കത്തവന്‍
പ്യാന്റ്സിന്റെ
പോക്കറ്റിലിട്ടു നടക്കുമോ
എന്റെ പച്ചിലകളുടെ ഗന്ധം
അവന്റെ ഗന്ധത്തെ
തിരിച്ചറിയുമോ
**
അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട്
നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം.

44 comments:

അലി said...

കത്തവന്‍
പ്യാന്റ്സിന്റെ
പോക്കറ്റിലിട്ടു നടക്കുമോ

അല്ല!
ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇപ്പോഴുമുണ്ട്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചുരുക്കത്തില്‍ ഒരു ലെറ്റര്‍ ബോംബ്ബാണല്ലേ? :) പുതുവര്‍ഷാശംസകള്‍!

ഗുപ്തന്‍ said...

പ്രണയലിഖിതകുതൂഹലങ്ങള്‍ :)

നിലാവിന്റെ നിസാ റ്റച്ച്.. മൊത്തതില്‍...


*****************

പ്യാന്റ്സ്- പാന്റ്സ് എന്നെഴുതുന്നതായിരിക്കും മെച്ചം


***
ഓഫ്. ഗുപ്തന്‍ എഴുതിതുടങ്ങീട്ടോ... ഗുപ്തം നോക്കൂ...

നിലാവര്‍ നിസ said...

അലി, ഷാനവാസ്,... സന്തോഷം.. യ്യോ ലെറ്റര്‍ ബോംബൊന്നുമല്ലേ..
ഗുപ്തന്‍.. ഞാന്‍ അങ്ങോട്ടു വരുന്നുണ്ട്..

::സിയ↔Ziya said...

നിലാവൊരു ശില്‍‌പം...
ഈ റ്റാഗ് പോലെ കവിതയും ഇഷ്‌ടപ്പെട്ടു :)

ആരോ ഒരാള്‍ said...

സുന്ദരമായ വരികള്‍. നല്ല എഴുത്ത്

: ആരോ ഒരാള്‍

വി.ആര്‍. ഹരിപ്രസാദ് said...

നന്നായിരിക്കുന്നു,
ഈ വരികള്‍..

നിലാവര്‍ നിസ said...

സിയ, ആരൊ ഒരാല്‍, ഹരിപ്രസാദ്.. നന്ദി..

ജ്യോനവന്‍ said...

ലളിതം. സുന്ദരം. പ്രണയാര്‍ദ്രം.
അവനായെഴുതിയ കത്തില്‍ നിലാവിന്റെ നൂറുഭരണികളുടെ
മുന്‍പില്‍ നിറയാനാകാതെ ഞാനൊന്ന് സ്റ്റക്കായി.
പിന്നെ കൗതുകംനിറച്ച് ഒന്നുകൂടി വായിച്ചു.
പുതുവത്സരാശംസകള്‍.

ഉമ്പാച്ചി said...

ഇതു വായിക്കുന്നേരം
ഒരു മഴ
എവിടെ തുള്ളിയിടണം എന്നറിയാതെ...

കത്തിനായി അവന്‍
തപാലാപ്പീസില്‍ കാത്തിരിക്കുമോ
പൊടിയലമാരയിലെ
മേല്വിലാസക്കാരനില്ലാത്തെ കത്തായി
ഞാന്‍ മാറുമോ...

ജിമൈലില്‍ കാത്തിരുന്നേക്കും

ഉപാസന | Upasana said...

അവനെഴുതുന്ന കത്തിന്റെ
ഓരോ വരിയിലുമുണ്ടായിരുന്നു
ഒരു മഴക്കാലത്തിനു
പൊട്ടിമുളക്കാനിടം.

Good lines Nila..sa
:)
upaasana

Teena C George said...


പ്രിയതമാ... പ്രിയതമാ
പ്രണയലേഖനം എങ്ങനെയെഴുതണം
മുനികുമാരികയല്ലോ...
ഞാനൊരു മുനികുമാരികയല്ലോ...


ആശംസകള്‍ നിലാവേ...

എം പി അനസ്‌ said...

പുതു വര്‍ഷത്തില്‍ നിലാവത്തുലാത്തി ഒരു കുളിര്‍മ .......
അല്ല ,വാക്കുകള്‍ക്കപ്പുറത്തെന്തൊക്കെയോ....

ഹരിശ്രീ said...

അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട്
നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം.

നല്ല വരികള്‍...

പുതുവത്സരാശംസകള്‍...

നിലാവര്‍ നിസ said...

ജ്യോനവന്‍, ഉമ്പാച്ചീ, ടീന, അനസ്, ഹരിശ്രീ.. ഒരുപാട് സന്തോഷം.. പുതുവത്സരാശംസകള്‍..

The Prophet Of Frivolity said...

The task that lies ahead of every aspiring poet(ess), especially in Malayalam, is getting past the recurring romantic images that has become almost part of a collective consciousness. Rain,moonlight..and so on and so forth. They go ahead and define what poetry can be..They cage ideas and present you and the poetry that would be, in a plain which you would fain not attempt to. All the more tragic since those images limit in this age when in the 20th century they were poesy itself.
Anyways...
I can feel the emotional imbroglio.
Good Going.

ശ്രീ said...

നന്നായിരിയ്ക്കുന്നു.
:)

വഴി പോക്കന്‍.. said...

നാലു ദിവസമാ‍യി സ്ഥലത്തില്ലായിരുന്നു, അതുകൊണ്ട് നേരത്തെ കണ്ടില്ല,
ഒരു കത്ത് എന്റെ പ്യാന്റിസിന്റെ (:D) പോക്കറ്റിലുമുണ്ട്.. ;) കൊടുക്കാനാരെയും ഇതുവരെ കിട്ടിയില്ല, പറ്റിയൊരാളെ കിട്ടിയിരുന്നെങ്കില്‍ കൊടുക്കാമായിരുന്നു.........:(

Sharu.... said...

ലളിതമായ വരികള്‍.... നന്നായിരിക്കുന്നു :)

സുല്‍ |Sul said...

നിലാവേ
നിന്നെ കുത്തിനിറച്ചിട്ടും നിറയാത്ത ആ കത്ത്... ഇനിയും നൂറു ഭരണി നിലാവു നിറക്കാനുള്ള ആ കത്ത്...
ഒത്തിരി ഇഷ്ടമായി നിലാവേ.
-സുല്‍

ഓടോ: ഈ നിലാവെല്ലാം ഒരാളെടുത്താല്‍ നിലാവത്തെ കോഴിയെക്കാണാന്‍ എവിടെ പോകും?

നിലാവര്‍ നിസ said...

dear prophet.. would like something to remain with all its universal charm.. is it all about images?
ശ്രീ.. സന്തോഷം..
വഴിപോക്കന്‍.. യാത്രക്കിടയില്‍ എത്തിയല്ലോ..
ഷാരു.. ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
സുല്‍, സന്തോഷം. നിലാവിന്റെ നാലഞ്ചു ഭരനിയല്ലേ എടുക്കുന്നുള്ളൂ.. കോഴികള്‍ക്കും മൂങ്ങകള്‍ക്കും ഒക്കെ എത്രയൊ ടണ്‍ ബാക്കിയുണ്ട്..

Friendz4ever // സജി.!! said...

അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട്
നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം.
മഴയുടെ താളം രാതിമഴയുടെ ആലസ്യത നിലാവിന്റെ സൌന്ദര്യം നയിസ്...

കൂട്ടുകാരന്‍ said...

ഒരു ചെറിയ വെള്ളപ്പൂവായി പൊട്ടിമുളച്ചാല്‍
അവനെന്റെ വരിതെറ്റിയ അക്ഷരങ്ങളെ
തിരിച്ചറിയുമോ?....

എല്ലാത്തിലും ഒരു വരിതെറ്റല്‍ ഉണ്ട്....:)ഇനിയൊരെണ്ണം ശരിയാക്കി എഴുതി നോക്കൂ..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നിസ.. പ്രേമത്തെ കുറീച്ചും കാമുകിയേകുറിച്ചു മെല്ലാം കുറേ കവിതകള് വായിച്ചിട്ടുണ്ടെങ്കിലും പ്രേമലേഖനത്തെകുറിച്ചൊന്നു ആദ്യ്മായണു വായിക്കുന്നത്....ഭാവനകള് മനോഹരം..:)

അനിലന്‍ said...

അവനെഴുതുന്ന കത്തിന്റെ
ഓരോ വരിയിലുമുണ്ടായിരുന്നു
ഒരു മഴക്കാലത്തിനു
പൊട്ടിമുളക്കാനിടം.

നല്ലോണം കവിതയുണ്ടീ വരികളില്‍

പുതുവര്‍ഷാശംസകള്‍

അപര്‍ണ്ണ said...

എല്ലാം വായിച്ചു. നന്നായിരിക്കുന്നു.

നിലാവര്‍ നിസ said...

എല്ലാ കാലത്തെയും ചങ്ങാതീ, കൂട്ടുകാരന്‍, ജിഹേഷ്, അനിലന്‍, അപര്‍ണ്ണ.. സന്തോഷം.

The Prophet Of Frivolity said...

അപാരേ കാവ്യസംസാരേ കവീരേപപ്രജാപതി.
നല്ല മറുപടി. ഇനിയും എഴുതൂ..ഇരുപതുകള്‍...ഓര്‍മ്മകള്‍ എന്റെയുള്ളിലും ചന്നം പിന്നം പെയ്യുന്നുണ്ട്. എന്നും ഇരുപത്തി..ആയിരുന്നെങ്കിലെന്ന് കൊതിച്ചു പോവുന്നു.
നിലാവിലും പുഴയിലും മഴയിലും നഷ്ടപ്പെട്ടവനാണു ഞാനും.
ഒപ്പം അസ്തിമജ്ജയില്‍പ്പോലും നീറ്റലുണര്‍ത്തുന്ന ഒരു കത്തെഴുത്തിന്റെ ഓര്‍മ്മകളും.

ഇനിയുമൊരു മറുപടിയും ഇതെച്ചൊല്ലി ഒരു ചര്‍ച്ചയും ഇല്ല.

Do not all charms fly
At the mere touch of cold philosophy?
There was an awful rainbow once in heaven:
We know her woof, her texture.........

Take care.

ഫസല്‍ said...

നിലാവിന്റെ നൂറു ഭരണികള്‍
Nannaayittundu
aashamsakal..

നിലാവര്‍ നിസ said...

കാലത്തെ നമുക്ക് ഏതെങ്കിലും തരത്തില്‍ അതിജീവിക്കണമല്ലോ Prophet..
നന്ദി ഫസല്‍..

Geetha Geethikal said...

ആ ഭരണികളിലൊക്കെ പൂനിലാപ്പാല് നിറച്ച് അവനു കൊടുക്കൂ.....

അവനത് ആവോളം പാനം ചെയ്യട്ടേ........

ദ്രൗപദി said...

നിലാവേ..

ഇടക്കെപ്പോഴൊ ഇവിടെ വരാന്‍ കഴിഞ്ഞില്ല..
ഓരോ കവിതയിലും
നിറഞ്ഞുതുളുമ്പുന്ന സ്വപ്നങ്ങളുണ്ട്‌..ഛേദിക്കപ്പെടാതെ പോയ ഓര്‍മ്മകളുണ്ട്‌..
ജ്വലിപ്പിക്കുന്ന വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു

ഒരുപാട്‌ അശംസകളോടെ...

maheshcheruthana/മഹേഷ്‌ ചെറുതന said...

നിലാവേ ,
വരികള്‍ ഇഷ്ടമായി!

Typist | എഴുത്തുകാരി said...

ആശംസകള്‍.

Anonymous said...

ദേവസേനയുടെ ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഈ കവിത വീണ്ടും ഓര്‍ത്തു.

btw, എന്തേ ഒരു മൌനം ?

നിലാവര്‍ നിസ said...

ഗീത, ദ്രൌപതി, മഹേഷ്, എഴുത്തുകാരി, ഗുപ്തന്‍.. സന്തോഷം..

സനാതനന്‍ said...

എവിടെ പുതിയ കവിത?

സതീര്‍ത്ഥ്യന്‍ said...

ഈ നിലാവത്ത് ആദ്യമായെത്തിയതാണു ഞാന്‍.. ഒരു നേര്‍വരയിലൂടെ കവിതചരിക്കുന്നത് മനോഹരമായിരിക്കുന്നു.. കവിതകള്‍ കുറെ വായിച്ചു.. സ്വയം പരിചയപ്പെടുത്തുന്ന ഭാഗത്തുനിന്നും നോക്കിയാല്‍, കൂടുതല്‍ തീവ്രമായത് ഇനിയും വരാനിരിക്കുന്നു എന്നു തോന്നുന്നു.. തുടരുക..
മംഗളം നേരുന്നു ഞാന്‍...

*ഈ നിലാവര്‍ നിസ എന്നുവച്ചാലെന്താ ?

G.manu said...

അവനെഴുതുന്ന കത്തിന്റെ
ഓരോ വരിയിലുമുണ്ടായിരുന്നു
ഒരു മഴക്കാലത്തിനു
പൊട്ടിമുളക്കാനിടം.

really really good

നിലാവര്‍ നിസ said...

സനാതനന്‍, സതീര്‍ഥ്യന്‍, മനു.. സന്തോഷം.
നിലാവര്‍നിസയുടെ അര്‍ഥം? സ്വന്തം പേരിന്റെ അര്‍ഥം അറിയാതെ പോകുന്നതില്‍ എന്തെങ്കിലും നാണക്കേടുണ്ടോ എന്നറിയില്ല.. സത്യത്തില്‍, പേരിന്റെ ഒരു അന്തരീക്ഷത്തെ കുറിച്ചു മാത്രമേ ബോധമുള്ളൂ.. പിന്നേ ഏതോ ഭാഗ്യം പോലെ പേരിലും പിന്തുടരുന്ന നിലാവിനെ കുറിച്ചും..

വാളൂരാന്‍ said...

അനുഭവിപ്പിക്കുന്ന വരികള്‍... :)

ചിത്രകാരന്‍chithrakaran said...

പ്രണയപ്പനിയുടെ ആശങ്കകളും,ആകുലതകളും,ഉത്കണ്ടകളും വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന ... അനുഭവവേദ്യമാക്കുന്ന നല്ലൊരു കവിത . മനോഹരം.

ബയാന്‍ said...

ഇടിയും മിന്നലും കാറ്റും കൊടുങ്കാറ്റുമായി ഒരു മഴയെങ്കിലും പെയ്തു തീരണം.

ഒരു നല്ല കവിത വായിച്ചു കുറെ ആയി.കവിത ഇഷ്ടായി. നന്ദി.

നിലാവര്‍ നിസ said...

വാളൂരാന്‍, ബയാന്‍.. നന്ദി.
ചിത്രകാരന്‍.. വന്നല്ലോ.. ഒരുപാട് സന്തോഷം.