Wednesday, April 30, 2008

എള്ളുണ്ട

വടക്കോട്ടേക്ക്
വണ്ടി കയറുമ്പോഴൊക്കെ
ഓരോ പായ്ക്കറ്റ്
എള്ളുണ്ട കരുതും.
തീവണ്ടിയില്‍ വിശന്നെത്തുന്ന യാചകര്‍ക്കോ
കരച്ചില്‍ കൂട്ടുന്ന കുഞ്ഞുങ്ങള്‍ക്കോ സമ്മാനിക്കും
ഇവരാരുമില്ലെങ്കില്‍
നിറയെ കവിതകളുമായി അവന്‍ വരുമ്പോള്‍
അവനറിയാതെ
അവന്റെ ബാ‍ഗില്‍ ഒളിപ്പിച്ചു വയ്ക്കും.
രാത്രിയില്‍ ബാഗ് തുറക്കുമ്പോള്‍
എള്ളുണ്ട കണ്ടവന്‍ അത്ഭുതപ്പെടുമെന്നോര്‍ത്ത്
ചിരിക്കും..

സൂര്യനെ
രാത്രിയെന്നവണ്ണം
എള്ളുണ്ടയെ
അവന്റെ നാവ് അലിയിച്ചെടുക്കുമോ
നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ
എന്റെ ജീവിതത്തിന്റെ എള്ളിന്‍പാടം
അവന്‍ കൊയ്യാനെത്തുമോ
അതോ
ഇനി ബോംബാണെന്നു കരുതി
എള്ളുണ്ടയെ
അവന്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ...?

Friday, April 18, 2008

കൈതച്ചക്ക

ചെറുപ്പത്തില്‍
കൈതച്ചക്ക പറിക്കാന്‍
തോട്ടിന്‍ കരയില്‍ പോയതോര്‍ക്കുന്നു
തോട്ടിന്‍ കരയില്‍
മുണ്ടു മാടിക്കുത്തി
ചുണ്ടില്‍ സിഗററ്റുമായി
എടീ പുല്ലന്‍ ലോകമേ
എന്ന അവന്റെ നില്പ് ഓര്‍മ വരുന്നു.
കൈതച്ചെടികള്‍ക്കിടയില്‍ നിന്നും
നിന്നെ ഒന്നു ചുംബിച്ചോട്ടേ എന്നു ചോദിച്ച്
തലയുയര്‍ത്തിയ
പേരറിയാത്ത
പാമ്പിനെ ഓര്‍മ വരുന്നു.

എത്ര വേഗമാണ്
എല്ലാം ഓര്‍മയായത്

തോട് റോഡായി
കൈതച്ചെടിയുടെ സ്ഥാനത്ത്
കരിങ്കല്‍ക്കെട്ടുകളായി.
ഇപ്പോള്‍ എവിടെയായിരിക്കും അവന്‍?
ആ പാമ്പ്?

പ്ലേറ്റില്‍ അരിഞ്ഞിട്ട കൈതച്ചക്കയില്‍
പഞ്ചസാര അലിഞ്ഞിറങ്ങുന്നു
ഉടലിലൂ‍ടെ എന്തോ താണിറങ്ങുന്നു
ഒരുറുമ്പാണ്.

പഞ്ചസാരയില്‍ അലിഞ്ഞ
കൈതച്ചക്കയാണ് ഞാനെന്ന്
ഉറുമ്പ് കരുതിയിട്ടുണ്ടാവുമോ?

Wednesday, April 2, 2008

വേണ്ടിയിരുന്നില്ല

നിനക്ക് ഒരു പേരുണ്ടാവണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
മഴത്തുള്ളിയെന്നോ
ഭൂമിയെന്നോ
പരുന്തെന്നൊ
കാറ്റെന്നോ
ഓര്‍മയെന്നോ
പച്ചിലകളെന്നോ
വിളിക്കണമായിരുന്നു
എനിക്കു നിന്നെ.

നിനക്ക്
ഒരു വീടുണ്ടാകണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
സ്വപ്നമെന്നോ
ശലഭച്ചിറകെന്നൊ
വേദനയെന്നോ
പുഞ്ചിരിയെന്നോ
വെയിലെന്നൊ
രാത്രിയെന്നോ പേരുള്ള ഒരിടത്തിലേക്ക്
കയറി നില്‍ക്കാനാവുമായിരുന്നു
നമുക്കപ്പോള്‍.

വേണ്ടിയിരുന്നില്ല
പ്രണയത്തിന്
ഇത്ര പേരുകള്‍
മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു
ഞാന്‍
അതിനെ..