Monday, December 31, 2007

കത്തുന്നിടം

അവനെഴുതുന്ന കത്തിന്റെ
ഓരോ വരിയിലുമുണ്ടായിരുന്നു
ഒരു മഴക്കാലത്തിനു
പൊട്ടിമുളക്കാനിടം.

ഈ കത്തിനെ
ഏതു കുഞ്ഞുവിരലാണ്
നേര്‍ മയോടെ
മേഘങ്ങള്‍ക്കുള്ളിലേക്ക്
എയ്തുവിടുക?

അവനിത് വായിക്കുക
കടലില്‍
മഴത്തുള്ളിയായിട്ടാവുമോ.
മലയടിവാരത്തില്‍
ഒരു ചെറിയ വെള്ളപ്പൂവായി പൊട്ടിമുളച്ചാല്‍
അവനെന്റെ വരിതെറ്റിയ അക്ഷരങ്ങളെ
തിരിച്ചറിയുമോ?

അര്‍ദ്ധരാത്രി
കത്തിലടക്കം ചെയ്യപ്പെടാതെ പോയ
ഒരു ചുംബനത്തിന്റെ പൊള്ളലില്‍
അവന്‍
ഞെട്ടിയുണരുന്നുണ്ടാവുമോ.

നക്ഷത്രങ്ങളില്‍
അവനൊരു ഹൃദയത്തിന്റെ
ഉറഞ്ഞ ദൃശ്യം
കാണുന്നുണ്ടാവുമോ.

കത്തിനായി അവന്‍
തപാലാപ്പീസില്‍ കാത്തിരിക്കുമോ
പൊടിയലമാരയിലെ
മേല്വിലാസക്കാരനില്ലാത്തെ കത്തായി
ഞാന്‍ മാറുമോ.

കത്തവന്‍
പ്യാന്റ്സിന്റെ
പോക്കറ്റിലിട്ടു നടക്കുമോ
എന്റെ പച്ചിലകളുടെ ഗന്ധം
അവന്റെ ഗന്ധത്തെ
തിരിച്ചറിയുമോ
**
അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട്
നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം.

Friday, December 28, 2007

പൊട്ടല്‍

വാക്കുകളെ,
മൌനത്തെ
ഉള്ളിലൊതുക്കി
ഒരു
അഗ്നിപര്‍വതമായി
പൊട്ടിത്തെറിക്കേണ്ട,

തിളച്ച എണ്ണയില്‍
രുചിയുടെ
ഇടവഴികളില്‍
ഒരു
കടുകു മണിയായി
പൊട്ടിച്ചിതറിയാല്‍ മതി

എനിക്ക്.

Sunday, December 23, 2007

അഞ്ചു ഖണ്ഡങ്ങളില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ




ക്ലാസുകളില്‍ നിന്നും മുങ്ങി
ഉച്ചപ്പടം കാണാന്‍ പോകുന്നവര്‍ക്ക്
നോട്ടുകളെഴുതിക്കൊടുത്തിരുന്നു
ഞങ്ങള്‍ പെണ്‍കുട്ടികള്‍

വീര ശൂര പരാക്രമികളായ
ഷമീര്‍, ആനന്ദ്, പ്രശാന്ത്
ജോബിഷ്, അലിയാര്‍ തുടങ്ങി
ഓരോരുത്തരും ഞങ്ങളുടെ
അജ്ഞതക്കു മേല്‍
പഞ്ച പാവങ്ങളായി.

വൈകുന്നേരം
രാധാന്റിയുടെ
ഹോട്ടലില്‍ നിന്നും
പാതി വെന്ത ഉള്ളിവട
ഒരു പാക്കറ്റ് ജീരക മിട്ടായി
പരീക്ഷാ ഫീസ് അടക്കാനുള്ള
കാഷ് മറന്നു പോയാല്‍
നൂറു രൂപാ കടം
ഇങ്ങനെ പോകുന്നു
ഞങ്ങളുടെ പ്രതിഫലം

മറന്നു പോകുന്ന
രസതന്ത്ര സൂത്രവാക്യങ്ങള്‍
ഷേക്സ്പിയര്‍ ഉദ്ധരണികള്‍
സന്ധി സമാസ വൃത്താന്തങ്ങള്‍
ഓരോന്നും
ഓരോ ഉച്ചപ്പടക്കാരന്റെയും
വിയര്‍പ്പു മണക്കുന്ന
ഒറ്റ നോട്ടില്‍
ഞങ്ങള്‍ കുറിച്ചിട്ടു.

കുറിക്കുന്തോറും
ഞങ്ങളുടെ ഹൃദിസ്ഥം
കൂടി വന്നു.
2
അവര്‍
ഉച്ചപ്പടത്തിനു പുറമേ
ഉച്ചപ്പുകയും പതിവാക്കി.
കുമാരേട്ടന്റെ ചായക്കട
തീവണ്ടി സ്റ്റേഷന്‍ പോലെ
പുകയിലമര്‍ന്നു.
ഞങ്ങളുടെ ജോലിഭാരവും
കൂടി വന്നു.
വേവാത്ത വടയ്ക്കു പകരം
പൊറോട്ടയും ഹാഫ് ചില്ലിയുമായി
ജീരകമിട്ടായിക്ക് പകരം
ഐസ്ക്രീമായി.

ഐസ്ക്രീം
രാഷ്റ്റ്രീയ ചിഹ്നമാകും വരെ
അതു തുടര്‍ന്നു.
അച്ഛന്റെ പോക്കറ്റില്‍ നിന്നും,
പെയിന്റിങ്, വാര്‍പ്പ്, ആശാരി-
പ്പണികളില്‍ നിന്നുമുള്ള
അവരുടെ വരുമാനത്തിന്റെ
പങ്ക്
ഞങ്ങളും പറ്റി വന്നു.
3

ഉച്ചപ്പടം കാണാന്‍ പോയവരോട്
എങ്ങനെയുണ്ടാ‍യിരുന്നു
എന്നു ചോദിക്കണമെന്നുന്ണ്ടായിരുന്നു
ഞങ്ങള്‍ക്ക്
ഒരേ
ബഞ്ചിലിരിക്കുന്ന നേരം
അല്ലെങ്കില്‍
കുടയില്ലാത്ത മഴയില്‍
വൈകുന്നേരം
മുറിച്ചു കടക്കുന്ന നേരം
ഞങ്ങളോരോരുത്തരും
അവന്റെ വിയര്‍പ്പ് മണത്ത്
ഉച്ചപ്പടത്തിന്റെ രുചിയറിഞ്ഞു.

ഷക്കീല, രമ്യ, രേഷ്മ
ഇവരൊക്കെ
സ്ത്രീത്വത്തിനു അപമാനമെന്നു ഞങ്ങള്‍
പരസ്യമായി
മുദ്രാവാക്യം മുഴക്കി.

മുത്ത്, മുത്തുച്ചിപ്പി
അനീഷിന്റെ ബാഗില്‍
നിന്നും പൊക്കിയ
സി ഡി
രഹസ്യമായി ആസ്വദിച്ചു.
4

ക്ലാസില്‍ നിന്നും
മുങ്ങുമെങ്കിലും
പാഠങ്ങളെല്ലാം
പഠിച്ചിരുന്നു
അവര്‍.

ഞങ്ങളൊ
പരീക്ഷാഹാളില്‍
ചോദ്യങ്ങളാവാന്‍
സാധ്യതയുള്ളവ
ചെറുകുറിപ്പുകളും
കോഡ് വാക്കുകളുമാക്കി
മുലയിടുക്കുകളില്‍
അടിവസ്ത്രത്തിനുള്ളില്‍
നിക്ഷേപിച്ചു.
ചില ആണ്‍കുട്ടികള്‍
ഞങ്ങളുടെ വിദഗ്ധമായ
കോപ്പിയടി ആസ്വദിച്ച്
പരീക്ഷ എഴുതാന്‍ പോലും മറന്നു.
ആണ്‍കുട്ടികളെയെല്ലാം
കോപ്പിയടിക്കാരായി
കരുതുന്ന അധ്യാപകര്‍ക്ക്
പവര്‍ എക്സ്റ്റ്രാ പുഞ്ചിരി
സമ്മാനിച്ച് ഞങ്ങള്‍
കോപ്പിയടി തുടര്‍ന്നു.
പരീക്ഷാ ഹാളിലായിരുന്നു
പെണ്‍കുട്ടികളായതില്‍
ഞങ്ങള്‍
അഭിമാനിച്ചിരുന്നത്.
5
ഒരു നിറം മങ്ങിയ
ഗ്രൂപ്പു ഫോട്ടോയില്‍ നിന്ന്
എന്തെല്ലാം ഓര്‍മകള്‍
വേര്‍തിരിച്ചെടുക്കാം അല്ലേ
ചിതലു വീണ ഈ ഫോട്ടോയിലെ
ഓരൊ മുഖവും
ഇപ്പോള്‍ എവിടെ
ആയിരിക്കും?

അതിലെത്ര പേര്‍
ഈ കവിത വായിക്കും?
ഇനി
അഥവാ ഈ ഫോട്ടോയിലെ
ആരെങ്കിലും
നിരൂപകരോ
കവികളോ ആയിത്തീര്‍ന്നിട്ടുണ്ടാവുമോ?
അങ്ങനെയെങ്കില്‍
എന്റെ ജീവിതം
അവര്‍ നിരൂപണം ചെയ്യുമോ
എന്നെക്കുറിച്ച്
കവിതയെഴുതുമോ?








Friday, December 21, 2007

വര്‍ഗബോധം


ഇളം തണുപ്പിന്റെ
അരിപ്പൂക്കള്‍
കുനു കുനെ വിരിയുന്ന
ഒരു സായാഹ്നത്തില്‍
സ്വപ്നത്തിന്റെ
മങ്ങിയ വെളിച്ചം ചിതറിക്കിടക്കുന്ന
ഒരു താഴ് വാരത്തില്‍
കണ്ടു മുട്ടുന്ന
ഒരു
ആണ്‍കവിതയും
പെണ്‍കവിതയും
എന്തു ചെയ്യും?
.
.
.
.
.
പരസ്പരം
തെറി പറഞ്ഞ്
തിരിഞ്ഞു നടക്കും.

Tuesday, December 18, 2007

കിനാവേ നിലാവേ


നിലാവേ
കിനാവേ
പരസ്പരം
ചേര്‍ന്നും
മിണ്ടിയും
പറഞ്ഞും
കണ്ണോട്
കണ്ണേ
ചുണ്ടോട്
ചുണ്ടേ
ചേര്‍ത്തേ
നടക്കാം.

പുഴത്താ-
ളമെല്ലാം
മുറിച്ചേ
കടക്കാം
കൊടുങ്കാ-
ട്ടിലെല്ലാം
നിഴലായ് നടക്കാം.

നമുക്കൊ-
രേ ഭാഷ
കിനാവിന്റെ
താളം
നമുക്കൊ-
രേ മൌനം
നിലാവിന്റെ
ചിഹ്നം.

കിനാവേ
നിലാവേ
വരൂ
സ്വപ്ന-
സഞ്ചാര
സിം ഫണി മീട്ടാം

ചുറ്റിവരിയും
വെറുപ്പിന്റെ
പാമ്പിനെ
സ്നേഹമായ്
നീട്ടാം.


മഴയേ
മഞ്ഞു തുള്ളി-
ത്തലപ്പേ
കാലമെല്ലാം
നമുക്കാ-
യൊരുക്ക്.
വഴികളെല്ലാം
നമുക്കായ്
പണിയ്.

കൊതിപ്പുണ്ട്
നിലാവേ
നിന്നോട്
ചേരാന്‍
ഉടലിന്റെ
ചൂട്
വിയര്‍പ്പാല്‍
തുടക്കാന്‍.

പുലമ്പുന്നു
മനസ്സ്
നടക്കീല
ജന്മം

മടുക്കല്ലേ
വെറുക്കല്ലേ
പ്രണയ-
ക്കിടാ‍വേ
നോക്കൂ
നമുക്കേ
പൂവായ
പൂവിന്റെ
ഇതളായി
മാറാം.

ഇരുളാം
പുതപ്പിനെ
കത്തിച്ചു
മാറ്റി
നക്ഷത്ര-
ക്കുഞ്ഞിനെ
നെഞ്ചില്‍
നിറച്ച്
ഉമ്മയായ്
മാറ്റാം.

വരൂ
വരൂ
കിനാവേ
ജാലകം
തുറക്കൂ

കിനാവേ
നിലാവേ
നിലാവേ
കിനാവേ..




Sunday, December 16, 2007

ലവേഴ്സ് ഫെസ്റ്റിവല്‍


എടോ
മണ്ടന്‍ കാമുകാ
നോക്ക്
നോക്ക്..

എടാ
നിന്റെ കണ്ണട-
ക്കണ്ണു കൊണ്ട്
എന്റെ
ഉടലളവ്
എടുക്കാതെടാ

നിന്റെ
നീളന്‍ മൂക്കു കൊണ്ടിങ്ങനെ
മണം
പിടിക്കാതെടാ
നിന്റെ
ശവം മണക്കുന്ന
തൊണ്ട തുറന്ന്
ഓക്കാനത്തിന്റെ
വാക്കുകള്‍
വീണ്ടും
മുഴക്കാതെടാ

വിരല്‍
നരകത്തിലേക്ക്
ചൂണ്ടാതെടാ
രോമം
ചോദ്യമാക്കല്ലെടാ

ജീവിതം തുന്നിത്തുന്നി
തഴമ്പു വന്ന
ഉള്ളം കൈ
ആകാശം പോലെ
തുറന്നു പിടിക്കാതെടാ

എടാ
ബോറാ
അറു ബോറാ
നീ
കാണ്
കണ്ണു തുറന്ന്
കാണ്..

നമ്മളിപ്പോള്‍
ഫിലിം ഫെസ്റ്റിവലിലല്ലേ

തുര്‍ക്കിപ്പടം
കാണുകയല്ലേ..

എന്റെ കാമു-കാ
വില്ലന്‍
നായികയുടെ
പിന്നാലെ
ഓടുകയല്ലേ

ധൈര്യമുണ്ടെങ്കില്‍
കാണികളുടെ
മുകളിലൂടെ ചാടി
സ്ക്രീന്‍ പിളര്‍ന്ന്
അവളെ രക്ഷിക്കെടാ...

എന്നിട്ട്
വാ
നമുക്ക്
കെട്ടിപ്പിടിച്ച്
ഉമ്മ വയ്ക്കാം

അത്രവരെ
ആ നക്ഷത്രം
മുറിക്കുള്ളില്‍
ഇരിക്കട്ടേ..




Tuesday, December 4, 2007

പ്രവാചക




ഒരു സായാഹ്നം.


നഗരത്തിന്റെ പതിവു തിരക്കുകളിലൂടെ നടക്കുമ്പോഴാണ് പിന്നില്‍ ഒച്ചയുണ്ടാക്കാതെ വന്ന അവളെ കണ്ടത്. ഭിക്ഷാടനം നിരോധിച്ച ശേഷം കാണാതായ രൂപങ്ങളിലൊന്ന്. ചിതറിയ മുടി. എപ്പോഴും തവിട്ടു നിറത്തിലുള്ള വസ്ത്രം. പൊടിയണിഞ്ഞ മുഖം. അനാവശ്യമായ ഒരു ഗൌരവം വാരിച്ചൂടിയ കണ്ണുകള്‍. കോളേജില്‍ നിന്നിറങ്ങിയതു മുതല്‍ ഈ മൂപ്പത്തിയാര് നമ്മുടെ പിറകെയാണല്ലോ എന്നു കൂട്ടുകാരി. എന്തായാലും കക്ഷിക്ക് ഒരു തിരക്കുമില്ല. ഇളവെയില്‍ തട്ടി മൂക്കിലെ വെള്ളക്കല്‍ മൂക്കുത്തി തിളങ്ങുന്നുണ്ട്.


ഞങ്ങള്‍ നടത്തം പതുക്കെയാക്കി. തിരിഞ്ഞു നോക്കുമ്പൊള്‍ ആ കൊച്ചു നോട്ടം ഞങ്ങളില്‍ തന്നെ പതിഞ്ഞിരുന്നു. തോളില്‍ ഒരു ചെറിയ സഞ്ചി. കയ്യില്‍ ഒരു കട്ട നൂല്‍. ഞങ്ങള്‍ ചുറ്റും നോക്കി. നഗരം ശുദ്ധത തുടിക്കുന്ന ഒന്നാണ്. അതിന്റെ അന്തസ്സിനു യോജിക്കാത്ത അഴുക്കുകളെ തുടച്ചു നീക്കാനുള്ള വ്യഗ്രതയുമായി ശുചീകരണ തൊഴിലാളികള്‍ ചുറ്റുമുണ്ടാവും. ഏതു വേഷത്തിലാണ് അവര്‍ പ്രത്യക്ഷ പ്പെടുകയെന്ന് അറിയാനാവില്ല.


അപ്പോളേക്കും അവള്‍ അടുത്തെത്തിയിരുന്നു. ഒരു മുഖവുരയുമില്ലാതെ എന്റെ കയ്യില്‍ പിടിച്ച് അവള്‍ ചോദിച്ചു;


“ പേശലാമാ?”


ഹമ്പടി മിടുക്കീ എന്നായി ഞാന്‍. പക്ഷെ അവളുടെ കണ്ണുകളിലെ ഭാവം ഒരു പുഞ്ചിരിയെപ്പോലും ചൂരല്‍ മുനയില്‍ നിര്‍ത്തുന്ന ഒന്നായിരുന്നു. എന്തായാലും എന്താണീ പേശലുകാരിക്ക് പറയാനുള്ളതെന്നറിയാന്‍ ഞങ്ങള്‍ റോഡിന്റെ വശം ചേര്‍ന്നു നിന്നു.


‘കൈ നോക്കി പറയാം”, തമിഴും മലയാളവും കലര്‍ന്ന ഇമ്പമുള്ള ഭാഷയില്‍ അവള്‍ സംസാരിച്ചു തുടങ്ങി. “നടന്നത് നടക്കുന്നത് നടക്കാനിരിക്കുന്നത് പറയാം... പത്തു രൂപ തന്നാല്‍ മതി. “

ഭാവിക്ക് വെറും പത്തു രൂപയോ.


ഞങ്ങള്‍ അവളെയും കൊണ്ട് (ഇതിനകം ഞാനവള്‍ക്ക് ഒരു പേരു കൊടുത്തിരുന്നു- ശെല് വി- നഷ്ടമായിപ്പോയ ഒരു കൂട്ടുകാരിയുടെ പേര്. ഇരു വശത്തും താമരകള്‍ പൂത്തുലഞ്ഞു കിടക്കുന്ന ഒരു ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലെ പെണ്‍കുട്ടി) ലൈബ്രറിയിലേക്കു നടന്നു. ലൈബ്രറിയുടെ മുന്നിലെ പടിക്കെട്ടിലിരിക്കുമ്പോള്‍ വീണ്ടും അസ്വസ്ഥത ഞങ്ങളെ ഞെരുക്കാന്‍ തുടങ്ങി. ലോകത്തിന്റെ കണ്ണുകളില്‍ നിന്നും ഒളിച്ചു പിടിക്കേണ്ട എന്തിന്റെയൊ സൂക്ഷിപ്പുകാരെ പോലെ . ശെല്‍ വിയാകട്ടേ, അനായാസതയോടെ, ഇതെല്ല്ലാം എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ എന്റെ നേരെ കൈ നീട്ടി.


എന്റെ ഇടതു കൈ അല്പം കുറ്റബോധത്തൊടെ ആ കുഞ്ഞിക്കൈകളില്‍ പതിഞ്ഞു. വല്ലാതെ പര്പരുത്ത കൈകള്‍. ഏതാണ്ട് അഞ്ചു മിനിട്ട് അവള്‍ മിണ്ടാതെയിരുന്നു. ഏതോ ചിന്തയിലാണ്ട പോലെ മേല്‍ച്ചുണ്ട് കടിച്ചു പിടിച്ച്.. ഇമ ചിമ്മാതെ കയ്യിലെ ഓരോ രേഖയായി നുള്ളീപ്പെറുക്കി..


“എന്താ ഒന്നും കാണുന്നില്ലേ?”


ഒരു ചൂടു പിടിച്ച നോട്ടമായിരുന്നു മറുപടി. ഞാന്‍ തെറ്റു പറ്റിയ പോലെ കുറച്ച് ഒതുങ്ങിയിരുന്നു. മനസ്സിലൊരു വിചാരണ നടക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ഭിക്ഷാടനത്തിനു ഉപയോഗിക്കുന്ന എതെങ്കിലും നെറ്റ് വര്‍ക്കിന്റെ ഭാഗമായിരിക്കും ഇവളും. ഇവള്‍ക്ക് കാശ് കൊടുത്താല്‍ അതു പോയിച്ചേരുക അത്തരം സാമൂഹ്യ ദ്രോഹിളുടെ കയ്യിലാവില്ലേ.. അങ്ങനെ എന്തൊക്കെയൊ സംശയങ്ങള്‍..


ശെല്‍ വി മുഖം നേരെയാക്കി, ചൂണ്ടുവിരല്‍ കൈത്തലം മുഴുവനുമോടിച്ചു പറഞ്ഞു തുടങ്ങി. അറുപതെട്ടു വരെ നീളാവുന്ന ആയുസ്, വലിയ മോശമില്ലാത്ത ധനരേഖ, ചില സ്പെഷ്യല്‍ ‘സ്ത്രീകള്‍ക്കു മാത്രം’ ദുഖങ്ങളുടെ പട്ടിക (കുടിയന്‍ ഭര്‍ത്താവ് മുതലായവ).. ഏതാണ്ട് പത്തു മിനിട്ടോളം നീണ്ട പ്രവചനത്തിനൊടുവില്‍ മഞ്ഞളിന്റെയും നല്ലെണ്ണയുടെയും ഗന്ധം പരത്തുന്ന ഒരു തമിഴ് പെണ്ണായി ഞാന്‍ രൂപാന്തരപ്പെട്ടിരുന്നു. പഠനം , ജോലി , അതൂടി ചോദിക്ക്.. കൂട്ടുകാരി അടക്കം പറഞ്ഞു.


ഈ പ്രവാചിക അതിനു എന്തു മറുപടി പറയും.. ഞാന്‍ എന്നോടു തന്നെ ചൊദിച്ചു. എത്ര വേഗമാണ് ജീവിതത്തിന്റെ ചില ആര്‍ക്കിട്ടൈപ്പുകളിലേക്ക് ഇവള്‍ നമ്മളെ തിരുകിയിറക്കുന്നത്.. തന്റെ നേരെ നീളുന്ന ഓരൊ കയ്യിലും അവള്‍ കാണുന്നത് അവളുടെ അമ്മയുടെ പണീ ചെയ്തു മെലിഞ്ഞ, കരുത്ത ചരടണിഞ്ഞ കൈകളായിരിക്കും. അവളുടെ അക്കായുടെ (ചെറിയ എന്തെങ്കിലും പണിക്ക് പോകുന്ന തലമുടി ഇരുവശത്തും പിന്നിയിട്ട ആ ദാവനിക്കാരി) ആകാംക്ഷ നിറഞ്ഞ കണ്ണുകളായിരിക്കും ഓരോ പെണ്മുഖത്തു ീന്നും അവളെ ഉറ്റുനോക്കുന്നത്. ഓരൊ കാലടിയിലും അവള്‍ കാണുക സ്വന്തം ഗ്രാമത്തിന്റെ മണ്ണും സങ്കടങ്ങളുമായിരിക്കും. ജീവിതം അവള്‍ക്ക് കൊടുത്ത ചില തിരിച്ചറിവുകള്‍.. അതിനപ്പുറം, എന്റെ കൊച്ചു പ്രവാചകേ... നീയെന്തു പറയാനാണ്?


അമ്മയെപ്പൊലെ ഒരു അമ്മായിയമ്മയെ കിട്ടുമെന്നും മുപ്പത്തി രണ്ട് വയസ്സു കഴിഞ്ഞാല്‍ ജീവിതം അലട്ടലില്ലാതെയാകുമെന്നുമുള്ള ആശ്വാസവചനങ്ങളോടെ അവള്‍ നിര്‍ത്തി. രണ്ടു നിമിഷം ഞാന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. കരിയിലകള്‍ കാറ്റടിച്ചു മാറും പോലെ ഒരു കുട്ടിത്തം, കുട്ടിത്തത്തിന്റെ ഒരു ചെറിയ കണിക, അവളുടെ കണ്ണില്‍ മിന്നിമായുന്നത് ഞാന്‍ കണ്ടു. അവള്‍ സഞ്ചി കയ്യിലെടുത്തിരുന്നു. കയ്യിലിരുന്ന ഒരു കട്ട നൂല്‍ (എന്തിനായിരിക്കുമത്?) അവള്‍ ഭദ്രമായി സഞ്ചിയിലിട്ടു. പിന്നെ ഗൌരവത്തോടെ എന്നെ നോക്കി.



ഉവ്വ്. അവളുടെ കൂലി. പത്തു മിനിറ്റ് കൊണ്ട് കാലങ്ങളെ മറികടന്നതിനു അവള്‍ക്ക് നല്‍കേണ്ട ദക്ഷിണ.


“ഒരു മിനിറ്റ്” എന്നു പറഞ്ഞ് ഞാന്‍ അവളുടെ കയ്യെടുത്ത് മടിയില്‍ വച്ചു. അസംഖ്യം രേഖകള്‍. സാധാരണ ഇവലുടെ പ്രായത്തിലുള്ള കുട്ടികളുടെ കയ്യില്‍ ഇത്രയും രേഖകളുണ്ടാവാറില്ല. ഭൂതവും ഭാവിയുമൊക്കെ അടയാളപ്പെടുത്തി, ഒരു മായ്ച്ചു കളയലിന്റെ സാധ്യത പോലുമില്ലാതെ, ജീവിതം ഇത്ര നെരത്തേ ഒരുക്കി നിര്‍ത്തിയോ ഇവളെ? എന്താവും ഈ രേഖകള്‍ പറയുന്നത്? മുന്നില്‍ തൊഴുത്തും വൈക്കോല്‍ തുറുവുമുള്ള ഒരു വീട്, മുറ്റത്തെ അശോക പൂക്കള്........?



നേരം വൈകുന്നു എന്നു പറഞ്ഞ് കൂട്ടുകാരി എണീറ്റു. ഞാന്‍ ശെല് വി‍യെയും കൊണ്ട് പുറത്തേക്ക് നടന്നു. അവളുടെ അക്ഷമമായ നോട്ടം എന്റെ മുഖത്തും കയ്യിലും മാറി മാറി പതിക്കുന്നുണ്ടായിരുന്നു. ഫുട്പാത്തില്‍ നിന്ന് ബാഗില്‍ തിരഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു:


“മോള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി തരട്ടെ? ബേക്കറിയില്‍ നിന്ന്... അതൊ ഹോട്ടലീന്നോ..’


അവളുടെ മുഖം ചെറുതായി.


“പൈസ താമാ..’


“ശെല്‍ വീ..’ ഞാനറിയാതെ വിളിച്ചുപോയി.. അവളുടെ മുഖത്ത് ഒരു നിമിഷം ആശയക്കുഴപ്പം നിറഞ്ഞു. “നിനക്ക് ഇഷ്ടമുള്ളത് വാങ്ങിക്കോ.. നിനക്കതല്ലെ എളുപ്പം... ഒറ്റക്ക് പീടികയിലൊന്നും പോകേണ്ട..വാ..”


പെട്ടെന്ന് ഒരു ജോടി നഖങ്ങള്‍ എന്റെ കയ്യില്‍ അമര്‍ന്നു. “പൈസ തരുവിയാ ഇല്ലൈ...” അവളുടെ മുഖം തീ പിടിച്ച പോലെ ചുവന്നു. കയ്യിനുള്ളില്‍ നിന്നു തലനീട്ടിയ ഒരു പത്തു രൂപ നോട്ട് വലിച്ചെടുത്ത് ഒരു കൊടുങ്കാറ്റ് പോലെ അവള്‍ തിരിഞ്ഞ് നടന്നു. എന്റെ കണ്ണും കയ്യും ഒരുപോലെ നീറുന്നുണ്ടായിരുന്നു.. ശെല്‍ വി റോഡ് മുറിച്ചു കടന്ന് ഞങ്ങള്‍ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു... തിരിച്ച്...

Monday, December 3, 2007

മറന്നുപോയ്...




ഇന്നലെ
ഒരുപാട് നേരം
ഒറ്റത്തണലില്‍ ഒന്നിച്ചിരുന്നതാണ്.

തലയില്‍ പതിഞ്ഞ
കാക്കക്കാഷ്ടം
ചുരിദാര്‍ ഷാളു കൊണ്ട്
തുടച്ചു തന്നതാണ്.

എന്നിട്ടും
എന്നിട്ടും
മറന്നുപോയ്
ഞാന്‍ നിന്റെ മുഖം.

നിന്നില്‍ നീന്നുമെനിക്ക്
ഇഴ പിരിച്ചെടുക്കാനാവുന്നുണ്ട്
ജോണ്‍ എബ്രഹാമിന്റെ
മസിലുകള്‍
ചിമ്പുവിന്റെ തലമുടി
രാഹുല്‍ ദ്രാവിഡിന്റെ പുഞ്ചിരി
ലാലിന്റെ നടത്തം


പക്ഷെ
ഒരു ഇഴയില്‍ നിന്നു-
മെനിക്ക്
വേര്‍തിരിച്ചെടുക്കാനാവുന്നില്ലല്ലോ
നിന്റെ
മുഖം.

Saturday, December 1, 2007


ഇളം വെയിലില്‍
കുളിച്ചൊരു പുലര്‍ച്ചെ
അവനെ കാണുവാന്‍ മാത്രം
തീവണ്ടിയിലേറി
അവന്റെ നാട്ടിലെത്തി.

അവനിപ്പോള്‍ എവിടെ ആയിരിക്കും?
എങ്ങനെ ആയിരിക്കും?

കുന്നിന്‍ മുകളില്‍ വെയിലില്‍ പനിക്കുന്ന
അവന്റെ വീട്.
കാമുകിയുടെ പേരിട്ട പൂച്ചക്കുട്ടി.
മയില്പീലിയുടെ മണം നിറഞ്ഞ പുസ്തകം
പതിവായ് പോയിരിക്കാറുള്ള കടല്‍തീരം...
കൊറിക്കുമ്പോള്‍ താഴെ വീണ കടലമണികള്‍...

അപരിചിതാ
കട്ടെടുക്കരുതെ
ഞങ്ങളുടെ ഒന്നും

ഋതുക്കളുടെ പൂക്കാലം
കുന്നിഞ്ചരുവില്‍
സ്വപ്നങ്ങളുടെ
മുല്ലമൊട്ടുകള്‍ പറിക്കാന്‍ പോയത്
അവനിപ്പോള്‍
ഓര്‍ത്തിരിക്കുമോ

സിഗരറ്റ് കറ പറ്റിപ്പിടിച്ച

കാക്കച്ചുണ്ടീല്‍
ഒട്ടിച്ചു വച്ച ചുംബനം
കാറ്റു കൊണ്ടു പോയിരിക്കുമോ

കാട്ടില്‍ അവന്റെ നിഴലായി
അവനറിയാതെ നടന്ന പാതകള്‍
മഴയില്‍
ഒലിച്ചു പോയിരിക്കുമോ.

അവന്റെ കല്യാണം കഴിഞ്ഞിരിക്കുമോ
കുഞ്ഞുങ്ങള്‍ക്ക്
അവന്റെ കണ്ണിലെ
തീക്ഷ്ണത കാണുമോ.

2

ഇല്ല
ആവുന്നില്ല പൂരിപ്പിക്കാന്‍
കവിത കൊണ്ട്
കാമുക ജീവിതം

പ്രിയപ്പെട്ട കാമുകാ
ഇപ്പോഴും നിന്നെ
അണ്ണാന്‍ കുട്ടാ
എന്നു തന്നെ വിളിക്കുന്നു..

നടന്നു
നടന്നു
വഴീ തെറ്റിയെന്നു തോന്നുന്നു...

എവിടെ
വെയിലില്‍ പനിച്ചു നില്‍ക്കുന്ന
അവന്റെ വീട്.

എവിടെ
നമ്മള്‍ നിശ്വസിച്ച
ഉച്ഛ്വാസങ്ങളുടെ ഗന്ധം..

കാമുകാ
കാമുകാ
ഡോന്റ് വറി കാമുകാ
ഡോന്റ് ബീ സില്ലി കാമുകാ

അല്പം വൈകി ഒരു മുഖാമുഖം..

ബൂലോഗത്തിലേക്കു മറ്റൊരാള്‍ കൂടി എന്നു മാത്രം...

ഇല്ല... കണക്കുകള്‍ മാത്രമാക്കുന്നില്ല...

“നിങ്ങളുടെയുള്ളിലെ നിലാവിനെ പിന്തുടരുക... ഭ്രാന്തിനെ ഒരിക്കലും മറച്ചു വയ്ക്കരുത്“ എന്നു പറഞ്ഞതു ആരാ‍ണെന്നു ഓര്‍ക്കുന്നില്ല...

എങ്കിലും ഞാനീ നിലാവിനെ പിന്തുടരുന്നു.

ബൂലോകത്തെ എല്ലാ വായനക്കാ‍ര്‍ക്കും പ്രസാധകര്‍ക്കും അഭിവാദ്യങ്ങള്‍...

നിലാവര്‍നിസ...

Friday, November 30, 2007

രണ്ടാം മുണ്ടശ്ശേരി അധ്യായത്തില്‍ നിന്നും ചില ചോദ്യങ്ങള്‍


ആദ്യം തന്നെ ചില കണക്കുകള്‍:


കേരളത്തിന്റെ പൊതുകടം: 45, 024 കോടി രൂപ (2006-ലെ കണക്ക്)


പലിശ നിരക്ക് കുറവെന്ന ന്യായത്തില്‍ ലോകബാങ്ക് വായ്പയിലേക്ക് തള്ളി വിടുന്ന വിപ്ലവ പ്രവര്‍ത്തനം മറ്റൊരു വശത്ത്.


വീണ്ടും ചില കണക്കുകള്‍:


ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട സ്വാശ്രയ നിയമത്തിനു കേസു നടത്താന്‍ ഇതു വരെ ചിലവിട്ട തുക: 1, 02, 52, 347 രൂപ. ഇതു കേസു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകര്‍ക്കു നല്‍കിയ ഫീസിനത്തില്‍ മാത്രമാണ്. ഹൈക്കോടതിയില്‍ 29, 35, 335 രൂപയും സുപ്രീം കോടതിയില്‍ 73, 17, 012 രൂപയെന്നും ഈ തുകയെ വിഭജിക്കാം.


യു ഡി എഫിന്റെ ഭരണ കാലത്തു ഹൈക്കോടതിയില്‍ സ്വാശ്രയ നിയമ വിഷയത്തില്‍ ഹാജരായത് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന പി കെ ബീരാനുള്‍പ്പെടുന്ന സര്‍ക്കാര്‍ അഭിഭാഷകരായിരുന്നു. കെ കെ വേണുഗോപാല്‍, ടി എന്‍ വിശ്വനാഥ അയ്യര്‍ എന്നിവരടങ്ങിയ പാനലിനു ഓരോ സിറ്റിങ്ങിനും പ്രത്യേക ഫീസ് ഉണ്ടായിരുന്നില്ല. എങ്കിലും സുപ്രീം കോടതിയില്‍ കേസു നടത്താനായി ഏറ്റവും അധികം തുക- 45, 67, 012 രൂപ- ചിലവഴിച്ചത് യു ഡി എഫിന്റെ കാലത്താ‍യിരുന്നു.


എല്‍ ഡി എഫ് ഭരണകാലത്ത് ഹൈക്കോടതിയിലെ പ്രധാന വാദങ്ങള്‍ക്കായി എത്തിയത് സി എസ് വൈദ്യനാഥന്‍, കെ കെ വേണുഗോപാല്‍ എന്നീ പുറമെ നിന്നുള്ള അഭിഭാഷകരായിരുന്നു. മൊത്തം 29.35 ലക്ഷം രൂപയാണു ഇവര്‍ക്ക് നല്‍കിയത്. സുപ്രീം കോടതിയിലാകട്ടെ 27, 50, 000 രൂപയും.


ശരിയാണ്. ഏറ്റവും ലളിതമായി ഒരു മുണ്ടശ്ശേരി പരിഷ്കാരത്തിനല്ലേ, ഇതൊക്കെ ഏതൊരു വിപ്ലവത്തിനും വേണ്ട മൂലധനമല്ലെ എന്നൊക്കെ ചോദിക്കാം. പക്ഷേ എം എ ബേബിക്ക് പരാജയപ്പെട്ട ഒരു രക്തസാക്ഷിയുടെ പരിവേഷം നല്‍കിയ ഈ ബില്ല് ഏതൊക്കെ സംഗതികളിലാണു വിപ്ലവകരമാകുന്നതെന്നു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അനുപാതങ്ങളിലെ ചെറിയ വ്യത്യാസം, ഫീസ് ഘടനയിലെ ചില ചൊറിച്ചു മല്ലലുകള്‍... നിയമത്തിനുള്ളീലെ എണ്ണമറ്റ ലൂപ് ഹോളുകള്‍... വിദ്യാഭ്യാസത്തിന്റെ മാനവിക തലങ്ങളെ സംബന്ധിച്ച എന്തു ആശങ്കയാണ്‍്, ഒരു ചരക്കിന്റെ വില്‍ക്കല്‍ വാങ്ങല്‍ ക്രയത്തിലെ ചില അഡ്ജസ്റ്റുമെന്റുകളല്ലാതെ ഈ നിയമത്തിലുള്ളത്? ഇത്തരമൊരു നിയമത്തെ സംരക്ഷിക്കാന്‍ ഏറ്റവും ദരിദ്രരായ ഒരു ജനതയെ ചൂഷണം ചെയ്യുന്നതിനെ എന്തു പേരാണു വിളിക്കുക?

Thursday, November 15, 2007