Tuesday, September 9, 2008

മിശ്രജീവിതം

സസ്യഭുക്കായ ഞാനും
മിശ്രഭുക്കായ അവനും
ഭക്ഷണം കഴിക്കാന്‍
ഹോട്ടലില്‍ കയറി.

ഇവനൊരു ബീഫ് ബിരിയാണി
എനിക്ക് ചപ്പാത്തിയും കുറുമയും
അവന്‍ വാ തുറക്കും മുന്‍പേ
വെയിറ്ററെ ഞാന്‍ പറഞ്ഞയച്ചു.

നിരതെറ്റിയ
തലമുടിത്തുമ്പ്
വെട്ടിയൊതുക്കും പോലെ
ചപ്പാത്തി മുറിച്ചു തിന്നുന്ന എന്നെ
ഇടം കണ്ണിട്ടു നോക്കി അവന്‍.
തൂമ്പ പിടിച്ച് തഴമ്പിച്ച
വിരലുകള്‍ കൊണ്ട്
അവന്‍ ഇറച്ചിക്കഷണം മുറിച്ചെടുക്കുമ്പോള്‍
കാട്ടുപന്നിയുടെ കുത്തേറ്റ് പോലെ
വേദനിക്കുന്ന ഉടലുമായ് ഞാന്‍

ഞാന്‍
കുറുമയില്‍ നിന്നും
കാരറ്റ് കഷണങ്ങള്‍ പെറുക്കിയെടുക്കുമ്പൊള്‍
എടീ മുയലുകുട്ടീ
എന്നു വിളിക്കുന്ന അവന്‍.
മുഖാമുഖമിരിക്കുന്ന നമുക്കിടയില്‍
ഒരു കാളയോ കാട്ടു പോത്തോ
വരില്ലെന്നവന്‍
കാട്ടു പോത്തിന്റെ മുഖമുള്ള
ഒരു പരിചയക്കാരന്റെ കാലടിക്ക്
ചെവിയോര്‍ക്കണമെന്നു ഞാന്‍.

തീവണ്ടി സമയമടുക്കുന്നു
ഹോട്ടലില്‍ നിന്നുമിറങ്ങി നാം
പനങ്കാറ്റു വീശുന്ന സ്റ്റേഷനിലെത്തുന്നു.
എന്റെ
ഇലഞ്ഞിത്തണ്ടു പോലുള്ള വിരലില്‍
അവനൊരുമ്മ വയ്ക്കുന്നു.
പൊടുന്നനെ ഒരു സ്വപ്നം പോലെ
തീവണ്ടി പാഞ്ഞു വരുന്നു.
അവനുമ്മ വച്ച വിരല്‍
ഇപ്പോള്‍ ചുവന്ന കൊടി
ഏതു മഴ അലിയിക്കും
കൊടിയുടെ നിറം?
സിഗ്നല്‍ മാറാതെ
അവനെങ്ങനെ
എന്നെ വിട്ട് കടന്നു പോകും?

24 comments:

വികടശിരോമണി said...

ഉപ്പുപോലെ കവിത വരികളിലെവിടെയൊ അലിഞ്ഞുപോയിരിക്കുന്നു.വഴിതെറ്റി വന്നതു വെറുതെയായില്ല.അഭിനന്ദനം.

***കൃഷ്ണന്‍*** said...

നിലാവേ.. (നിലാവറേ എന്നോ നിസാ എന്നോ വിളിക്കുന്നതിനേക്കാള്‍ ഇതാണ് ഭംഗി..)
കവിത ഇഷ്ടപ്പെട്ടു.. അവളുടെ ഇലഞ്ഞി തണ്ട് പോലുള്ള വിരലുകളില്‍ ഉമ്മവെച്ച് ഒരുപാടു തവണ ഞാന്‍ തീവണ്ടി കയറി പോയിട്ടുണ്ട്.. അന്നൊക്കെ സിഗ്നല്‍ ഭേദിച്ച് തീവണ്ടി അനുസരണക്കേട്‌ കാട്ടി !! യാത്രയില്‍ എനിക്ക് നോക്കിയിരിക്കാനും തലോടാനും കൈത്തണ്ടയില്‍ നഖക്ഷതങ്ങളും സമ്മാനിച്ചു ഹലുവയുടെ മണമുള്ള റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ കുരുത്തംകെട്ട ഒന്നു രണ്ടു കണ്ണീര്‍ തുള്ളികള്‍ വിലക്ക് ഭേദിച്ച് പുറത്തു ചാടുന്നത് ഞാന്‍ അറിഞ്ഞിരുന്നു.....

അനില്‍@ബ്ലോഗ് said...

വല്ല സ്കാന്‍ ചിത്രങ്ങളും കാണേണ്ടി വരുമോ?
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ‘നാം’ അവിടെ ചേരുമോ?

ഓണാശംസകള്‍

sv said...

ന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു


ഓണാശംസകള്‍..

RaFeeQ said...

നന്നായിട്ടുണ്ട്‌.. ആശംസകള്‍..

ഓണാശംസകളും :)

ഒരു ആത്മ സംതൃപ്തിക്കായ്........ said...

കവിത നന്നായിട്ടുണ്ട്‌.. ആശംസകള്‍..
ഒപ്പം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

നിരക്ഷരന്‍ said...

അപ്പോ ഇദ്ദാണല്ലേ പരിപാടി. ഞാന്‍ വീട്ടീല് പറഞ്ഞ് കൊടുക്കും കേട്ടാ... :)

ഓണാശംസകള്‍

Mahi said...

നന്നായിട്ടുണ്ട്‌

രണ്‍ജിത് ചെമ്മാട്. said...

നന്നായി;
വായിച്ചു കഴിഞ്ഞപ്പോള്‍
ഓര്‍മ്മയിലെവിടെയോ
ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഈ കവിത ഇപ്പോഴാണു വായിച്ചത്‌.. നന്നായിരിക്കുന്നു.. മിശ്രബുക്കും സസ്യബുക്കും ഒന്നിക്കട്ടെ. കാട്ടുപോത്ത്‌ വഴി തടയാതിരിക്കാനും പ്രാര്‍ത്ഥിക്കാം

വാവ said...

പാ‍ലക്കാട്ടെ കാറ്റ്

ഹാരിസ് said...

നിലാവര്‍,
എന്താണെഴുതാത്തത്...?

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

സാബി said...

നന്നായിട്ടുണ്ട്‌.. ആശംസകള്‍..
എന്താണെഴുതാത്തത്...?

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട് കേട്ടോ...
സസ്നേഹം,
ജോയിസ്..!!

അനില്‍ വേങ്കോട്‌ said...

മനോഹരമായ കവിത. പ്രണയത്തിന്റെ നടപ്പു ഹിംസ്രമുഖങ്ങളെ നന്നായി കോറിയിടുന്നു.
ആശംസകൾ

Anonymous said...

നല്ലോരു കവിത!

അച്ചു said...

നന്നായിരിക്കുന്നു...ശരിക്കും...

Mahesh Cheruthana/മഹി said...

നിലാവേ,
ജീവിതം ഇഷ്ടപ്പെട്ടു..

ശ്രീഇടമൺ said...

വളരെ നല്ല കവിത...
ആശംസകള്‍...*

ഭാര്‍ഗവി വിലാസം ടീസ്റ്റാള്‍ said...

ഒരുപാടു വൈകിയാണു വായിക്കുന്നത്


ഞാന്‍
കുറുമയില്‍ നിന്നും
കാരറ്റ് കഷണങ്ങള്‍ പെറുക്കിയെടുക്കുമ്പൊള്‍
എടീ മുയലുകുട്ടീ
എന്നു വിളിക്കുന്ന അവന്‍.


മുയലുകുട്ടീ എന്നു വിളിക്കുമ്ബോള്‍ , ചിരിക്കുമ്ബോള്‍ നീ അണപ്പല്ലുകള്‍ കണ്ടില്ലല്ലോ ?

മനോജ് said...

നന്നായിട്ടുണ്ട് നിലാവേ.........

ചൈത്രം said...

വൈകി വായനെയെന്കിലും
വൈകിയിട്ടില്ലെന്ന് മനസ്