Sunday, September 7, 2008

ശംഖുമുഖം ഡയറീ

ആഗസ്റ്റ് 30

വിരലുകള്‍ പരസ്പരം ചേര്‍ത്തു നാം
കണ്ണുകളില്‍ നോക്കിയിരിക്കേ
ആരാകും ആദ്യമൊരു കടലാകുക?
അതിലാരാവും
ആദ്യമൊരു തോണിയിറക്കുക?
കൂട്ടം തെറ്റിയ മീന്‍
ചിതമ്പലുകള്‍ കുടയും പോലെ
നമുക്കു മേല്‍ മഴ പെയ്യുന്നു
നാം ചൂടിയ കുടയില്‍ നിന്നും
ഒരു കടല്‍ മെല്ലെയിറങ്ങി വരുന്നു
പ്രണയത്തിന്റെ ഈ ഉപ്പുകടലിന്
സന്ദര്‍ശകാ നീയെന്തു പേരിടും?

2

മൌസ് പിടിച്ച വിരല്‍ കൊണ്ട്
ചുണ്ടില്‍ നീയെഴുതുന്നു
വെളുത്തുള്ളിയുടെ മണമുള്ള
എന്റെ പ്രണയമേ
പാത്രം മോറി മീറി
അരിപ്പ വീണ വിരലുകള്‍ കൊണ്ട്
നിന്റെ നെഞ്ചില്‍ ഞാനുമെഴുതുന്നു
ഉപ്പു പിടിക്കാത്ത മീനാണ്
എന്റെ പ്രണയം.

3

നമുക്കീ കടലില്‍
കൈ കോര്‍ത്തു നീന്തണം
മീനുകളോടു നമ്മുടെ
ഭൂതകാലം ചൊല്ലണം
മണല്‍ത്തരികളില്‍
ആദ്യസ്പര്‍ശനത്തിന്റെ
ചൂടു പകര്‍ത്തണം
മുങ്ങി മരിച്ചവരെ
നമ്മുടെ സ്വപ്നങ്ങളെ കുറിച്ചു പറഞ്ഞ്
ഉന്മത്തരാക്കണം
കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടു പോയവന്
ജീവിതത്തെ കുറിച്ചുള്ള
കവിത ചൊല്ലിക്കൊടുക്കണം
നീന്തി നീന്തി തളര്‍ന്നു പോയാല്‍
കടല്‍ മുഴുവന്‍ കുടിച്ചു വറ്റിക്കണം
കരയില്‍ മുഴുവന്‍
പ്രണയത്തിന്റെ ഉപ്പു വിതറണം.

3 comments:

അജ്ഞാതന്‍ said...

നന്നായിട്ടുണ്ട്....

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

ജിവി said...

മൌലികതയുള്ള നല്ല കവിത. കൂടുതല്‍ എഴുതൂ.

ശെഫി said...

രണ്ട് വളരെ നന്നായി