Thursday, June 19, 2008

കണ്ണേ

കട്ടിക്കണ്ണടയ്ക്കിടയില്‍
നക്ഷത്രം പോലെ മിന്നുന്ന
നിന്റെ കണ്ണുകള്‍
പൂവു പോലെ പറിച്ചെടുക്കുന്നു ഞാന്‍.
അതില്‍ നിന്നുമെനിക്ക്
വേര്‍തിരിക്കണം
ജീവിതത്തിന്റെ അനന്തത
നീ നടന്ന വഴി
കുടിച്ചു തീര്‍ത്ത ശൂന്യത
മുറിവിന്റെ ആഴം
മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരി.

എല്ലാം
ഒരു ചെറു കിനാവു പോല്‍
അരിച്ചെടുക്കണം.
നിന്റെ കണ്ണില്‍
അലയടിക്കും കടല്‍.
അതില്‍ തിരയെഴുതും കവിത
വരികളില്‍ ചാഞ്ചാടും
ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍
മഴത്തുള്ളി പോല്‍ ചാടുന്ന കുട്ടികള്‍
കാറ്റ്
കാറ്റിലുലയുന്ന കപ്പല്‍
കപ്പലില്‍ കെട്ടിപ്പിടിക്കുന്ന പ്രണയം
എല്ലാം
ഒന്നിച്ചു പുണരണം.
*************
നിന്റെ കണ്ണില്‍
ഞാന്‍ തന്ന ചുംബനങ്ങളുടെ
വിത്തുകള്‍ വളര്‍ന്നു തുടങ്ങിയോ?
റെറ്റിനയില്‍ കുടുങ്ങിയ
സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?

ഇതെല്ലാം അവിടെത്തന്നെവച്ച്
എങ്ങനെയാണ്
ഞാന്‍ നിന്റെ കണ്ണുകള്‍ മാത്രം
വേര്‍തിരിച്ചെടുക്കുക?
നിനക്ക്
നക്ഷത്രങ്ങള്‍ കണ്ണുകളാകുമെങ്കിലും?

22 comments:

Rare Rose said...

ഈ കണ്മണിക്കവിത എത്ര ലളിത സുന്ദരം...പൂവു പോലെ പറിച്ചെടുത്ത് , സാഗരം അലയടിക്കുന്ന ആ കണ്ണുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കാനുള്ള വ്യഗ്രത........ ഒത്തിരി ഇഷ്ടായീട്ടാ ആ കണ്ണുകളില്‍ പീലി വിരിച്ചാടുന്ന ഭാവങ്ങളെ....ആശംസകള്‍...:)

ചന്തു said...

എന്തു രസകരം ഇതു വായിക്കാന്‍....
നക്ഷത്രകണ്ണുള്ള രാജകുമാരന്റെ കണ്ണില്‍ വിരിയാന്‍ വെമ്പുന്ന ചുംബനവിത്തു പോലെ മനോഹരമിത്‌.

ശ്രീ said...

നല്ല എഴുത്ത്, നല്ല വരികള്‍!
:)

ശെഫി said...

നല്ല വരികൾ എന്നതിനപ്പുറം ഒന്നും പറയാൻ എനിക്കാവുന്നില്ലല്ലോ

കാന്താരിക്കുട്ടി said...

നല്ല വരികള്‍ ..നന്നായി എഴുതിയിരിക്കുന്നു നിസ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശൈലി നന്നായിട്ടുണ്ട് ചില ഓറ്മകളിലേയ്ക്ക് ഞാനും ഒന്ന് കടന്നുപോയി മാഷെ..
നിന്റെ കണ്ണുകള്‍പോലെ പണ്ടു താമരപൂത്തപ്പോള്‍ അതില്‍ ഞാനൊരു തേന്‍ വണ്ടായിമാറുകയായിരുന്നു.
നീ പറയുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നൂ..നിന്റെ സ്വരചക്രവാളത്തില്‍ അലിഞ്ഞ് ചേരുന്നതാണ് എന്റെ ജീവിതം...പിണങ്ങിയും പിന്നെ ഇണങ്ങിയും നാള്‍ വഴികള്‍ താണ്ടിയപ്പോള്‍ ഞാനും
നീയും പ്രണയത്തിന്റെ തോരാമഴയില്‍ നനയുകയായിരുന്നു അതിന്റെ കുളിരും കുദൂഹലവുമെല്ലാംപതിയെ പതിയെ എന്റെ കനവുകളില്‍ നിറഞ്ഞിരുന്നൂ

സനാതനന്‍ said...

രസകരമാണ്..മനോഹരമാണ്...പക്ഷേ അതിലപ്പുറം..?
അതിലപ്പുറത്തേക്കുകൂടി സ്പേസ് ഉണ്ടായിരുന്നെങ്കിൽ..!

ചിത്രകാരന്‍chithrakaran said...

ഹായ് ഹായ് ..!!
ഗംഭീരമായി.
സത്യത്തില്‍ പൂര്‍ണ്ണമായ അറിയലാണ് സ്നേഹം.ഒരു പൂര്‍ണ്ണ ഗ്രഹണം !!!
(അസാധാരണ വ്യക്തിത്വ യോഗങ്ങളിലേ ഈ പ്രതീക്ഷക്കു പ്രസക്തിയുള്ളു എന്നത് മറ്റൊരു സത്യം !)
വാക്കുകളില്‍ നെയ്തെടുത്ത ബിംബങ്ങള്‍ കഥപറയുന്നു.

ശിവ said...

ആ സുന്ദരമായ കണ്ണുകളില്‍ അലിഞ്ഞു ചേരൂ....ഒടുവില്‍ ഒരു മിഴിനീര്‍ത്തുള്ളിയായി നിശ്ശബ്ദം താഴേയ്ക്ക്...

ഞാന്‍ ഇരിങ്ങല്‍ said...

വായിക്കുമ്പോള്‍ സുഖിക്കുക എന്നതിലല്ല വായിക്കുമ്പോള്‍ ജീവിതത്തോട് അടുത്തു നില്‍ക്കുക എന്നുള്ളതാണ് എന്‍റെ പക്ഷെ.

ഇന്നത്തെ എല്ലാ ആനുകാലികങ്ങളും വായനക്കാരനെ സുഖിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അവന്‍ അത് ആസ്വദിച്ച് ഒന്നും മിണ്ടാതെ വായിച്ച് മടക്കുന്നു. ചിന്തകള്‍ക്ക് വളമാകാന്‍
നല്ല കവിതകള്‍ ഉണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഹരിശ്രീ said...

മഴത്തുള്ളി പോല്‍ ചാടുന്ന കുട്ടികള്‍
കാറ്റ്
കാറ്റിലുലയുന്ന കപ്പല്‍
കപ്പലില്‍ കെട്ടിപ്പിടിക്കുന്ന പ്രണയം
എല്ലാം
ഒന്നിച്ചു പുണരണം.

നിസ,

നല്ല വരികള്‍...

:)

ബഷീര്‍ വെള്ളറക്കാട്‌ said...

എള്ളുണ്ടയ്ക്കും ജീരക മിഠായിയ്ക്കും ശേഷം വിത്യസ്തമായ വരികള്‍
ആശംസകള്‍

നിലാവ്‌ പരക്കട്ടെ

ചിതല്‍ said...

ജീവിതത്തിന്റെ അനന്തത
നീ നടന്ന വഴി
കുടിച്ചു തീര്‍ത്ത ശൂന്യത
മുറിവിന്റെ ആഴം
മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരി,,,,

സിനിമയില്‍ ഒക്കെ കാണുന്നത് പോലെ മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരിയില്‍ നിന്ന് ഓര്‍മകള്‍ വിഷ്യല്‍ ആയി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്
ഓര്‍മകള്‍ക്കും കണ്ണുണ്ടായിരുന്നെങ്കില്‍ എന്ന്...

പിന്നെ കവിത , ഇഷ്ടമായി..

പിള്ളേച്ചന്‍ said...

കണ്ണൂം കണ്ണൂമാണ് ആദ്യമായി പ്രണയിക്കുന്നത്
എനിക്ക് നിന്നെ ഇഷടമാണെന്ന് നാം ആദ്യമായി
പറയുന്നത് കണ്ണിനോടാണ്

സസേനഹം
അനൂപ് കോതനല്ലൂര്‍

ഗൗരിനാഥന്‍ said...

http://mayakazhchakal.blogspot.com/

Shaf said...

എത്ര ലളിത സുന്ദരം...

ദൈവം said...

ഈയടുത്ത് വായിച്ച ഏറ്റവും നല്ല കവിതകളില്‍ ഒന്ന്, നന്ദി.

Kichu & Chinnu | കിച്ചു & ചിന്നു said...

a good one

കൌടില്യന്‍ said...

ചില ബിംബങ്ങള്
ആളെക്കൂട്ടുന്നുണ്ടെങ്കിലും
കവിത മികച്ചതല്ല എന്നു തന്നെ
നിസ്സംശയം പറയാം....‍

My......C..R..A..C..K........Words said...

kollaam nissaaa... nalla kavitha ... nalla varikal

ഉപാസന || Upasana said...

Nisa,

After a long time...

Good Poem as ever.
:-)
Upasana

ഹരിശ്രീ said...

സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?

സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?