Wednesday, March 5, 2008

കടല്‍ ഭൂമി

എത്ര മണ്ണു മാറ്റിയാലാണ്
നിന്നെക്കുറിച്ചുള്ള ഓര്‍മകളുടെ
വേര് പിഴുതുകളയാനാവുക?

എത്ര കടല്‍ കോരിയൊഴിച്ചാലാണ്
നീ തന്ന സ്വപ്നങ്ങളുടെ കറ
കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?

നീ കടലും
ഞാന്‍ കരയുമായിരുന്നെങ്കില്‍
ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക്
വരുമായിരുന്നു.

ഇനിയൊരു സുനാമി
എത്ര കാലം കഴിഞ്ഞാണ്
വരിക?

34 comments:

നജൂസ്‌ said...

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?

അതാണെനിക്കും അറിയേണ്ടത്‌

ഹരിശ്രീ said...

എത്ര കടല്‍ കോരിയൊഴിച്ചാലാണ്
നീ തന്ന സ്വപ്നങ്ങളുടെ കറ
കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?

നിസ,

വരികള്‍ മനോഹരം...

ആശംസകള്‍

CHANTHU said...

മറവിക്കു വേണ്ടിയുള്ള അത്യാര്‍ത്തിയില്‍
സുനാമിക്കുവേണ്ടിപോലും പ്രാര്‍ത്ഥിച്ചുപോവും.....

വല്യമ്മായി said...

കഴിഞ്ഞ കവിതയില്‍ പറഞ്ഞ കുറവുകളെല്ലാം നികത്തി അതിമനോഹരമായ കവിത.ആശംസകള്‍.സുനാമി വരുന്നത് ഭൂമിക്ക് കൊള്ളാം ,പക്ഷെ അതിലെ ജീവജാലങ്ങളോ?

Sharu (Ansha Muneer) said...

കവിത അതിമനോഹരം..... :)

Sanal Kumar Sasidharan said...

പ്രണയത്തിന്റെ മൊത്തവ്യാപാരിയാണെന്ന് തോന്നുന്നല്ലോ :)

സുധീർ (Sudheer) said...

എത്ര കവിതകള്‍ എഴുതി
കഴിഞ്ഞാലാണ് പ്രണയവും
ഓര്‍മ്മകളും ഗൃഹാതുരതയും
സങ്കടങ്ങളും നമ്മെ വിട്ടു പോകുക!
കവിത നല്ലത്,എങ്കിലും
ഒന്നു കൂടി നന്നാക്കാമായിരുന്നു
എന്ന് പരിഭവം.

ശ്രീ said...


നീ കടലും
ഞാന്‍ കരയുമായിരുന്നെങ്കില്‍
ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക്
വരുമായിരുന്നു.”

മനോഹരമായ വരികള്‍...
:)

ഹരിത് said...

ഇഷ്ടമായി.

Sandeep PM said...

ഞാന്‍ പറഞ്ഞു :)

sv said...

പ്രണയം കടല്‍ പോലെ... ഒരിക്കലും അടങ്ങാത്ത കടല്‍ അല്ലെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഗുപ്തന്‍ said...

മിഴിയോട് മിഴിനൊക്കുന്ന ഒരു നൊടിയല്ലേ വേണ്ടൂ ,സുനാമിക്ക്?

Teena C George said...

ദൈവമേ!സുനാമി വരാന്‍ പ്രാര്‍ത്ഥിക്കുന്ന മറ്റൊരാള്‍! (എനിക്കറിയാവുന്ന വേറൊരാള്‍, എന്റെ ഒരു സുഹൃത്താണ്. എനിക്കീ ജീവിതം മടുത്തു, ഒരു സുനാമി വന്നിരുന്നെങ്കില്‍... എന്നതാണ് അവളുടെ ലൈന്‍)

പിന്നെ, ഈ കവിതക്ക് പ്രജോദനം, ഷാരുവിന്റെ പോസ്റ്റിലെ ഈ കമന്റ് ആണോ?

Sabu Prayar said...

നല്ല കവിത
വായിക്കുക. www.maalavikam.blogspot.com

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതെന്താ മാഷെ പ്രണയം സുനാമിയാക്കിയൊ..
പക്ഷെ എനിക്ക് പറയാനുള്ളത്..അക്ഷയപാത്രം പോലെയാണ് സ്നേഹം.!!
നല്‍കുമ്പോള്‍ ഇരട്ടിയായ് തിരിച്ചുകിട്ടുന്ന പുണ്യവും.!
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ഒത്തിരി പ്രതിഭാസമാണ് അതിന് ...
യഥാര്‍ത്ഥസ്നേഹത്തിന്റെ ചെറുവിരല്‍ സ്പര്‍ശനം
പോലും. ആഴിയുടെ പരപ്പും ആഴവും ഉടലെടുക്കും

ചിതല്‍ said...

എത്ര മണ്ണു മാറ്റിയാലാണ്
നിന്നെക്കുറിച്ചുള്ള ഓര്‍മകളുടെ
വേര് പിഴുതുകളയാനാവുക?

ചോദിക്കണം ചോദിക്കണം എന്ന് വിചാരിച്ചിട്ട് ഒരു പാട് കാലമായി...കുറെ കാലമായല്ലോ ഒരു വിരഹം മണക്കുന്നത്.

നല്ല വരികള്‍
:)

സജീവ് കടവനാട് said...

പടച്ചോനേ, സുനാമി വരട്ടേന്നാ? ഇജ്ജീ പ്രേമം മാത്രംസ്വപ്നം കണ്ടു നടന്നോ. ഇന്റെ വീട് കടലോരത്താണ്. വീട്ടുകാരും നാട്ടുകാരുമൊക്കെ അവിടേണ്. :(

മണ്ണുമാറ്റി ഓര്‍മ്മയുടെ വേരുപിഴുതെടുക്കലും, കടല്‍ കോരിയൊഴിച്ച് സ്വപ്നങ്ങളുടെ കറകഴുകി കളയലും, ആകാശത്തെ വാരിപ്പുതക്കലുമൊക്കെ നന്നായി കോര്‍ത്തെടുത്തു. നല്ല കവിത.

ശ്രീലാല്‍ said...

പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കുന്നോ.. ?

ജ്യോനവന്‍ said...

മനസില്‍ നിന്നും മറയ്ക്കാനെന്ന് ആകാശം വാരിപ്പുതയ്ക്കുന്നത് ഒന്നൂകൂടി ഗൂഢമായി കാത്തുസൂക്ഷിക്കാനെന്ന് വായിച്ചു. വരാനിരിക്കുന്ന കവിതകളോടെല്ലാം 'കലഹിക്കാന്‍'‍ ഉള്ളില്‍ അതേ 'മുഖം!.
ഒന്നുകില്‍ 'അവന്‍' അല്ലെങ്കില്‍ 'നീ'.
:)
ഏയ് ചിരിക്ക് എന്തര്‍ത്ഥം..,
ഈ കവിത തത്വത്തില്‍ നന്നായി എന്നു മാത്രം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു.

ന്നാലും സുനാമി വരണമെന്ന് പ്രാര്‍ഥിക്കല്ലേ മോളേ

Unknown said...

കടല്‍ഭുമി മനസില്‍ തട്ടുന്ന കവിത തന്നെ

Gopan | ഗോപന്‍ said...

ന്നാലും നിസേ..
സുനാമി തന്നെ വേണോ..?

ശെഫി said...

നിലാവില്‍ ആകെ പ്രണയ സുനാമിയാണല്ലൊ.
പ്രമേയങള്‍ ആവര്‍ത്തനമെങ്കിലും
പറയുന്നതു പുതുമയുള്ള ബിംബങല്ലും വാചകങളായതുകൊന്റ്
മടുപ്പില്ലാത്ത വായനാ സുഖം നല്‍കുന്നു

ദിലീപ് വിശ്വനാഥ് said...

അപ്പൊ സുനാമിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ആണല്ലേ?

കൃഷ്‌ണ.തൃഷ്‌ണ said...

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?
നല്ല ആശയം...നല്ല ഫീല്‍

നിരക്ഷരൻ said...

നന്നായിട്ടുണ്ട് മാഷേ.

ഓ.ടോ - നിങ്ങളെപ്പോലുള്ളവരാണല്ലേ ഈ സുനാമി ഉണ്ടാക്കുന്നത് ?
:) :)

നവരുചിയന്‍ said...

നിസ .. വരികള്‍ കൊള്ളാം എങ്കിലും കവിത ആയി തോന്നില്ല ... എന്തോകെയോ പറഞ്ഞു പോയ പോലെ ....

siva // ശിവ said...

വളരെ നല്ല വരികള്‍....

സസ്നേഹം,
ശിവ.

കാവലാന്‍ said...

കൊള്ളാം ......കൊള്ളാം നന്നായിരിക്കുന്നു.
ഓര്‍മ്മകളുടെ തായ് വേരുകളങ്ങനെ പിഴുതു കളയരുതു കേട്ടോ,ഭാവനകള്‍ തളിരിടാന്‍ അവ വേണ്ടിവരില്ലേ?.

GLPS VAKAYAD said...

ഓര്‍മ്മിച്ചു വ്യസനിക്കല്‍ മനോരോഗമാകുമെങ്കില്‍ ഒര്‍മ്മിക്കാതിരിക്കല്‍ എന്താവും?
എനിക്കു മറക്കണ്ട....
നിലാവേ ഒരു നല്ല കവിത

Rafeeq said...

നന്നായിട്ടുണ്ട്‌.. :)

ഒര്‍മ്മകള്‍.. മരിക്കില്ലല്ലോ.. :)
അതിങ്ങിനെ.. ഒരു നോവായും.. എന്തെല്ലാമൊക്കെയോ ആയിട്ടു.. തഴുകികൊണ്ടിരിക്കും.. :)

നിലാവര്‍ നിസ said...

നജൂസ്,
ഹരിശ്രീ,
നന്ദി.
ചന്തു..
യ്യോ വല്യമ്മായീ... സുനാമി പോയിട്ട് ഒരു ഉറുമ്പിന്‍ കുഞ്ഞിനു പോലും ദോഷം വരുന്ന ഒന്നും ഉണ്ടാവരുത് എന്നാണ് ഈയുള്ളവളുടെയും പ്രാര്‍ഥന.
ഷാരു.. സന്തോഷം.
സനാതനന്‍.. സോറി... വില്പനയ്ക്കില്ല...:)
സുധീര്‍.. എത്ര എഴുതിയാലും വിട്ടൂ പോകില്ല എന്നു തോന്നുനു.. പുതിയ രൂപങ്ങളില്‍, ഭാവങ്ങളില്‍ അവ ആവറ്ത്തിച്ചു കൊണ്ടിരിക്കും..
അഭിപ്രായത്തിനു നന്ദി.
ശ്രീ,
ഹരിത്
നന്ദി.
ദീപു... ഞാന്‍ കേട്ടു..:)
എസ് വി, നന്ദി.
ഗുപ്തന്‍... അതേ..
ടീനാ... ജീവിതം മടുത്തിട്ടൊന്നുമില്ലാട്ടോ..:)
ഷാ‍രുവിന്റെ പേജിലെ കമന്റ് കണ്ടിരുന്നില്ല..
മാളവിക.. നന്ദി. ഞാനവിടെ വന്നിരുന്നു..
മിന്നാമിനുങ്ങേ... സന്തോഷം.
ചിതല്‍.. നന്ദി.
കിനാവേ.. അയ്യോ അങ്ങനെ ഒന്നുമുണ്ടാവില്ലാട്ടോ..
ശ്രീലാല്‍.. സന്തോഷം.. ചര്‍വിത ചര്‍വണമാകാതിരിക്കാന്‍ നോക്കാം
ജ്യോനവന്‍.. കണ്ടുപിടിച്ചു കളഞ്ഞു അല്ലേ...:)
പ്രിയേച്ചീ... ഇല്ല.. ഇല്ലേയില്ല.
അനൂപ്
ഗോപന്‍
ശെഫി
വാല്‍മീകി
തൃഷ്ണ..
സന്തോഷം.
നിരക്ഷരന്‍.. എന്നാലും ഇത്ര വലിയ ഒരു ആരോപണം വേണമായിരുന്നോ?
നവരുചിയന്‍.. അഭിപ്രായത്തില്‍ സന്തോഷം.
ശിവ.. നന്ദി.
കാവലാന്‍, ദേവതീര്‍ഥ.. സന്തോഷം. വായനയ്ക്ക്, അഭിപ്രായത്തിന്
ഹാരിസ്..:)
റഫീക്ക്.. നന്ദി.

ഉപാസന || Upasana said...

നിസാ

കൊള്ളാം ട്ടോ.
എന്നാലും...
:-)
ഉപാസന

BEJOY said...

ഹാ ഹാ...അതു നന്നായി...