Wednesday, January 30, 2008

അവനായി ഒരു കവിത

അവനു മാത്രമായി
ഞാനെഴുതിയില്ല
ഒരു കവിതയുമിതേവരെ

അവന്‍ ബാക്കിവച്ചതാം
മണം
ചില നോട്ടങ്ങള്‍
ഊഷ്മളദാഹങ്ങള്‍
ആദ്യം പറഞ്ഞ വാക്ക്
ഒരേ കുടയില്‍ നനഞ്ഞ മഴ
എല്ലാം
ഹൃദയത്തില്‍ ചൂടോടെ കത്തുന്നുണ്ട്
ഏകാന്തതകളില്‍
ലാവയായ് തിളയ്ക്കുന്നുണ്ട്.
എന്നിട്ടുമവനായ്
എഴുതിയില്ല ഒരു വരിയും
ഇതു വരെ.

അവനെ കാണുന്നേരം
ഞാനെന്റെ ഭാഷ മറന്നു പോകുന്നു
അടുത്തിരിക്കുമ്പോള്‍
ഉന്മാദപ്പൂ വിരിയുന്നു
അവന്റെ നോക്കില്‍ നിന്നും
ജീവിതത്തിന്റെ പച്ച വിരി മാറ്റുന്നു.

ഇനിയും വയ്യ
അവനായൊരു
കവിതയെഴുതാതിരിക്കുവാന്‍

വാക്കിനെറിഞ്ഞ വലയില്‍
ചത്ത സ്വപ്നത്തിന്റെ മുട്ടകള്‍ മാത്രം
വാക്കേ വാക്കേ
നീയെവിടെയാണാ‍വോ
ഒന്നടുത്തു വന്നെങ്കില്‍
നിന്നെ മുറിച്ച്
സന്ധി സമാസം പുരട്ടി
അവന്
ഞാനൊരു വിരുന്നൊരുക്കുമായിരുന്നു.

52 comments:

Sandeep PM said...

എഴുതരുത് . എഴുതിയാല്‍ വളര്‍ച്ച നശിച്ച് പോകും

നജൂസ്‌ said...

അവനെകുറിച്ചെഴുതരുത്‌. അവനെകുറിച്ച്‌ മാത്രം. എഴുതിയാല്‍ എപ്പോഴും മാറ്റി മാറ്റി എഴുതേണ്ടി വരും

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ലാവ പോലെ കവിത പടരട്ടെ..
:)

Rafeeq said...

എന്നിട്ടും എഴുതികൊണ്ടെ ഇരിക്കുന്നു..

:-)
:-)
;-)

കാവലാന്‍ said...

നന്നായിരിക്കുന്നു.

സന്ധിയും സമാസവും വാക്കില്‍ ചാലിച്ചെഴുതിത്തീര്‍ക്കാമെന്നോ പ്രണയത്തെ?
വ്യര്‍ത്ഥമോഹം.....!

CHANTHU said...

"ചത്ത സ്വപ്നത്തിന്റെ മുട്ടകള്‍"
അതാണ്‌ സത്യം
നന്നായി ഈ വരികളും

നിലാവര്‍ നിസ said...

ദീപു, നജൂസ്, വഴിപോക്കന്‍, റഫീക്ക്, കാവലാന്‍, ചന്തു.. കൂട്ടുകാര്‍ക്ക് നന്ദി.

നവരുചിയന്‍ said...

അവനുവേണ്ടി ഒരിടം നീ മാറ്റി വേക്ക് . ഒരികല്‍ അവന്‍ വരുനതും കാത്ത് .
പഷേ കവിത അത്രക്ക് നന്നായില കേട്ടോ

ശ്രീ said...

വരികള്‌ നന്നായിട്ടുണ്ട്.
:)

Sharu (Ansha Muneer) said...

കൊള്ളാം....:)

ഉപാസന || Upasana said...

ണന്നായിരിക്കുന്നു നിസ.
ഭാവുകങ്ങള്‍
:)
ഉപാസന

Teena C George said...

ഏതായാലും എഴുതാന്‍ തീരുമാനിച്ചു.
അവനായി എഴുതുമ്പോള്‍ സന്ധി സമാസങ്ങള്‍ വിട്ടിട്ട് ജീവിതം കൊണ്ട് ഒരു കവിത തീര്‍ക്കാം...

അവനായെഴുതിയ കത്തില്‍
ഇപ്പോഴുമുണ്ട് നിലാവിന്റെ നൂറു ഭരണികള്‍
നിറയ്കാനിടം...

Anonymous said...

ആവര്‍ത്തിച്ചുകാണുമ്പോഴും പ്രണയത്തിന് അതേ വശ്യത :)

siva // ശിവ said...

ഞാനെന്തു പറയാന്‍...എന്തു സുന്ദരമീ കവിത....എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

മയൂര said...

"വാക്കേ വാക്കേ
നീയെവിടെയാണാ‍വോ
ഒന്നടുത്തു വന്നെങ്കില്‍
നിന്നെ മുറിച്ച്
സന്ധി സമാസം പുരട്ടി
അവന്
ഞാനൊരു വിരുന്നൊരുക്കുമായിരുന്നു."


ഈ വരികളില്‍ നല്ല നിലാവ് :)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ശെഫി said...

ചത്ത സ്വപ്നത്തിന്റെ മുട്ട വിരിച്ചു നോക്കൂ അപ്പൊ അവനായി കവിത കുഞുങള്‍ ജനിച്ചേക്കും

simy nazareth said...

അവന്‍ ഭാഗ്യവാന്‍ :) നന്നായി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അങ്ങനെ ഒടുവില്‍ എനിക്കായും ഒരു കവിത! ;-)

നിലാവര്‍, നന്നായിരിക്കുന്നു കവിത. ആശംസകള്‍.

തറവാടി said...

നിസ , ശുദ്ധം ആസ്വാദ്യം :)

ജ്യോനവന്‍ said...

എല്ലാ കാലത്തും പ്രണയം തളിരുകോരി പൂത്തു വസന്തം ചൊരിയുന്ന മരമേ നിന്നില്‍നിന്നും സ്പോടകജലം നിറഞ്ഞൊരു കവിതെയെ/കനിയെ ഏപ്പോഴും പ്രതീക്ഷിക്കണം.
കാത്തിരിക്കുന്നു......

(ഓ.ടോ:- അവനായെഴുതിയതിനെ അതിന്നപ്പുറം പ്രശ്നവത്കരിക്കുമ്പോള്‍ മൗലികവികാരം തുളുമ്പുന്ന എഴുത്തിനോടുള്ള, വാക്കുകളോടുള്ള പ്രണയപരിഭവപരവശത കാണാനാവുന്നത് സന്തോഷകരം!)

വല്യമ്മായി said...

പ്രണയം ആത്മാവുകള്‍ തമ്മിലാണെങ്കില്‍ അവിടെ വാക്കുകള്‍,എന്തിന് കാലവും ദൂരവും പോലും അശക്തം.ലാവ പോലെ തിളച്ച് കൊണ്ടിരിക്കട്ടെ,നന്ന്.

കവിത നന്നായി.കവിതയും പ്രണയവും ജീവിതത്തിലെന്നും നിറഞ്ഞു നില്‍ക്കട്ടെ.

Unknown said...

കവിതയില്‍ ജിവിതം ബാക്കിയാവുന്നതുപൊലെ ആരോടൊ പറയാന്‍ ബാക്കിവച്ചതൊക്കെ മനസ്സിന്റെ നിലാക്കയങ്ങളില്‍ കുമിളകളാകുന്നതുപൊലേ ഒരൊ കവിതയും ഒരോ അനുഭവമാണു എഴുതുക നാളെകള്‍ പുതിയൊരു പ്രകാശമായിരിക്കട്ടേ

ഏ.ആര്‍. നജീം said...

പ്രിയതമാ...പ്രിയതമാ....
പ്രണയ ലേഖനം എങ്ങിനെയെഴുതണം
മുനികുമാരികയല്ലൊ, ഞാനൊരു...

നിസയുടെ കവിതയുടെ സൗന്ദര്യം ഇതിലും നിലനിര്‍ത്താന്‍ കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍...!

ധ്വനി | Dhwani said...

വാക്കേ വാക്കേ
നീയെവിടെയാണാ‍വോ
ഒന്നടുത്തു വന്നെങ്കില്‍
നിന്നെ മുറിച്ച്
സന്ധി സമാസം പുരട്ടി
അവന്
ഞാനൊരു വിരുന്നൊരുക്കുമായിരുന്നു.


നല്ല ഭാവന! മനോഹരം!

പിന്നെ ഉദാത്തവികാരങ്ങള്‍ വാക്കിലെങ്ങനെ ഒതുക്കും!

ബഷീർ said...

അവനു വേണ്ടി കവിത പിറക്കുന്നത്‌ ചുരുക്കം. എല്ലാവര്‍ ക്കും അവള്‍ക്ക്‌ വേണ്ടി രചിക്കാനാണല്ലോ തിടുക്കം.. പിന്നെ മാറ്റി എഴുതേണ്ടി വരാതിരിക്കട്ടെ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അവനു വേണ്ടി പിറക്കുന്ന പ്രണയം..
ഒരു വ്യത്യസ്ഥത ഉണ്ട്...
അവന്‍ നടന്നകന്ന വഴിയില്‍ ചിരിയുടെ മുത്തുകള്‍ പോലെ.സുന്ദരം.

ഹരിശ്രീ said...

Nisa,

ന്നായിട്ടുണ്ട്....:)

umbachy said...

അവനവനു മാത്രമായി
അവനെഴുതിയിട്ടുണ്ടാവില്ല
ഒരു കവിതയേയുമിതു വരെ,

Typist | എഴുത്തുകാരി said...

നിലാവേ, കൊള്ളാം, നന്നായിരിക്കുന്നു.

The Prophet Of Frivolity said...

എന്റെ ഇ-വിലാസം പ്രൊഫൈല്‍ താളില്‍ ഉണ്ടല്ലോ? ‘ഒരു പ്രേമലേഖനം എഴുതാന്‍ മാത്രം ജഡത്വമുണ്ടെങ്കില്‍,പ്രണവത്തെപ്പോലും ഉപയോഗിക്കാം‘(?) എന്നല്ലെ(ആണോ?) അദ്ദേഹം പറഞ്ഞിട്ടുള്ളത്. പിന്നെന്താണ് എഴുതാന്‍ ബുദ്ധിമുട്ട്? എഴുതിക്കോളൂ...ധൈര്യായി എഴുതാം..കാരണം എത്രവാ‍ക്കുകള്‍ ചെലവാക്കിയാലും, നിസയ്ക്ക് എന്നോട് പ്രണയമാണെന്നു മാത്രം എനിക്കു തോന്നൂല്ലല്ലോ.അല്ലേത്തന്നെ മനസിത്തോന്നുന്നതൊക്കെ മറ്റൊരാളെ പറഞ്ഞറിയിക്കാന്‍ സാധിച്ചാലത്തെ സ്ഥിതി എന്താവും

Mahesh Cheruthana/മഹി said...

നിലാവേ,
അവനെകുറിച്ചെഴുതിയ കവിത നന്നായിട്ടുണ്ട്!

മന്‍സുര്‍ said...

നിലാവര്‍...

നന്നായിരിക്കുന്നു...

എഴുതാത്തതിനെയോര്‍ത്ത്‌ പരിഭവിക്കില്ല ഞാന്‍
എഴുതാന്‍ ശ്രമിക്കയാണിന്നും
അറിയാതെ പോയതെന്റെ തെറ്റോ
അതോ അറിഞ്ഞിട്ടും അറിയാതതോ

അറിയില്ല....അറിയുബോല്‍ വൈകുമോ....

തുടരുക..എല്ലാ ഭവുകങ്ങളും

നന്‍മകള്‍ നേരുന്നു

യാരിദ്‌|~|Yarid said...

എന്നെക്കുറിചെഴുതിയതാണല്ലെ.. ;) പക്ഷെ സന്ധിയും സമാസവുമൊന്നും പുരട്ടിയതൊന്നും വേണ്ട. നലല്‍തുപോലെ ഉപ്പും മുളകുമിട്ട നല്ല കറിയെന്തെങ്കിലുമാ‍ായിരുന്നേല്‍ ചുമ്മാ കഴിക്കാമായിരിന്നു...
എന്തൊരു കവിത, ഒടൂക്കത്തെ എരിവ്...!!

SunilKumar Elamkulam Muthukurussi said...

ഓഫ് ടൊപ്പിക്ക്::
നിലാവര്‍ എന്നത് നിലോഫര്‍ എന്ന് പുഷ്പത്തിന്റെ പേര്‍ മലയാളീകരിച്ചതായിരിക്കും അല്ലേ? നിസ എന്ന് അറബി പദത്തിനര്‍ഥം സ്ത്രീ എന്നല്ലേ? അപ്പോ സ്ത്രീകളിലെ നിലോഫര്‍! ഹാ എന്തു നല്ല പേര്!

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അങ്ങിനെ കറങ്ങി കറങ്ങി ഈ ബ്ലോഗിലും, കരിബനകളുടെ നാട്ടിലെ പെണ്‍കുട്ടിയില്‍ നിന്ന് യക്ഷിയുടെ വന്യ സൗന്ദര്യമുള്ള കവിതകളെ പ്രതീഷിച്ച എനിക്ക്‌, കൗമാരമെന്ന കരിംബനകള്ളിന്റെ ലഹരിയാണ്‌ കിട്ടിയത്‌. വളര്‍ച്ചയുടെ ജീവിത ഇടങ്ങളില്‍ ചിലപ്പോള്‍ പലക്കാടിന്റെ പെണ്മയുടെ മണവുമായി വീണ്ടും കണ്ടുമുട്ടുമായിരിക്കും, അങ്ങിനെ സംഭവിക്കട്ടെ എന്നാശംസിക്കുന്നു

ഗിരീഷ്‌ എ എസ്‌ said...

നിലാവേ..
അത്ഭുതപ്പെടുത്തി...ഈ വരികള്‍
മനസില്‍ ഇത്രയേറെ കാല്‍പനികസൗന്ദര്യം സൂക്ഷിക്കുന്ന ഒരാളെ എത്രയോ കാലത്തിന്‌ ശേഷം കണ്ടുമുട്ടുന്നു...
വാക്കുകളുടെ സഞ്ചാരപഥങ്ങളില്‍ ഓര്‍മ്മകളും പ്രണയവും സൗഹൃദവും വീണുടഞ്ഞ്‌ തീരട്ടെ...

എന്നും നന്മകള്‍ മാത്രം നേരുന്നു.....

ശ്രീനാഥ്‌ | അഹം said...

നന്നായി...

of: പിന്നേയ്‌, ബ്ലോഗിന്റെ ഹോം പേജില്‍ തന്നെ ഇത്രയധികം പോസ്റ്റുകള്‍ ലോഡാവാതെ നോക്കിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍, പേജ്‌ ലോഡ്‌ ആവാന്‍ സമയം എടുത്തേക്കാം. ഏറ്റവും പുതിയ പോസ്റ്റ്‌ മാത്രം ഹോം പേജില്‍ ഇടൂ..

:)

പ്രയാസി said...

നന്നായി..:)

നിലാവര്‍ നിസ said...

നവരുചിയന്‍, ശ്രീ, ഷാരു, ഉപാസന, ടീന, ഗുപ്തന്‍, ശിവകുമാര്‍, മയൂര, വാല്‍മീകി, പ്രിയേച്ചി, ശെഫി, സിമി, ഷാനവാസ്, തറവാടി, ജ്യോനവന്‍, അനൂപ്, നജീം, ധ്വനി, മിന്നാമിനുങ്ങ്, ഹരിശ്രീ, എഴുത്തുകാരി, മഹി, പ്രവാചകന്‍, മന്‍സൂര്‍, വഴിപോക്കന്‍, ഒരുപാട് സന്തോഷം,, അഭിപ്രായങ്ങള്‍ക്ക്..

സുനില്‍.. അപ്പോ എന്റെ പേരിന് അങ്ങനെയും ഒരു വ്യാഖ്യാനമുണ്ട് അല്ലേ..

യ്യോ.. ഷരീഖ്.. പനയക്ഷിയെ പ്രതീക്ഷിച്ചിട്ടാണോ വന്നത്..?

ദ്രൌപതി, പ്രയാസി... നന്ദി. ശ്രീനാഥിന്റെ നിര്‍ദ്ദേശത്തിനും..

ഏറുമാടം മാസിക said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

umbachy said...

സു-സുനിലേ,
ഖമറുന്നിസ എന്ന പേരാണെന്നു തോന്നുന്നു നിലാവര്‍ നിസ എന്നൊരു തോന്നല്‍ ഔട്ടോഫ് ടോപ്പിക്ക് വകയില്‍ വെക്കുന്നു. ഖമര്‍ എന്നതിന് നിലാവ് എന്നും നിസാ എന്നതിന് നാരി എന്നുമര്‍ത്ഥം.

SunilKumar Elamkulam Muthukurussi said...

ഉമ്പാച്ചി കവേ, അപ്പോ ഒരു ചോദ്യം ഖമര്‍ എന്നതിനു പ്രാസമൊപ്പിക്കാനാണോ നിലാവര്‍ എന്നാക്കിയത്? നിലാവത്തെ നാരി എന്നാകില്ലേ അര്‍ത്ഥം? നിലാവത്തെ കോഴി നമ്മുടെ വക്കാരിയല്ലേ? നിലോഫര്‍=നിലവര്‍ കേട്ടാല്‍ മലയാളീകരിച്ചതാന്നേ തോന്നൂ. പണ്ടത്തെ അറബി മലയാളത്തില്‍ ഒരു പേര്, എന്ന് വിചാരിക്കുകയല്ലേ ഉചിതം?
നാരീ പുഷ്പമേ, ഓഫ് ടോപ്പിക്കുകള്‍‌‌ക്ക് സോറി.
-സു-

നിലാവര്‍ നിസ said...

ദൈവമേ...):

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

Oh!!!!!!!!!!!!!!
Njan aadyamaayaan ee blogil varunnath..
I like the style

നിലാവ്.... said...

ഇനിയും വയ്യ
അവനായൊരു
കവിതയെഴുതാതിരിക്കുവാന്‍

ഇപ്പോഴെങ്കിലും എഴുതിയല്ലോ.....
നന്നായിരിക്കുന്നു.

nariman said...

നന്നായിരിക്കുന്നു നിസ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നിസ, പാലക്കാടെന്നാല്‍ ഈ ത്രശൂര്‍ക്കാരന്‌, ഖസാക്കിന്റെ ഇതിഹാസവും ട്രെയിന്‍ യാത്രയിലെ പന കാഴ്ചകളുമാണ്‌. കവിതകളെല്ലാം കാഴ്ചകളുടെ പെണ്മയുടെ നിലാവു നിറയുന്നത്‌ തന്നെ, വിഷയങ്ങളുടെ വ്യത്യസ്തമായ സമീപനരീതികളിലൂടെ കവിതയുടെ വലിയ ലോകത്തിലെയ്ക്ക്‌ വാതായനങ്ങള്‍ തുറക്കപ്പൊടനുള്ള സധ്യതകളുടെ മിന്നലാട്ടങ്ങള്‍ താങ്കളുടെ കവിതയില്‍ കാണുന്നു. അത്‌ സുചിപ്പിച്ചു എന്നു മാത്രെ ഉള്ളൂ.



പിന്നെ ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു, പലതു മിരിക്കുന്നു പ്രേത്യകിച്ച്‌ ഒരു പെണ്‍ പേരില്‍, ബുദ്ധിജീവികളുടെ ബൗദ്ധിക പരമായ കണ്ടെത്തലുകളുടെ ഉത്സവകാഴ്ചകള്‍......(ഭയങ്കരം)

നിലാവര്‍ നിസ said...

ഏയാറ്, നിലാവ്, നരിമാന്‍.. നന്ദി.

ഷെരീഖ്, പാലക്കാടെന്നാല്‍ പലര്‍ക്കും ഇതു തന്നെയാണ്‍ മനസ്സിലെ ബിംബങ്ങള്‍.. മൊത്തത്തില്‍ ഒരു നിഗൂഡമായ കാല്പനികത മണക്കുന്ന ഒന്ന്.. അതില്‍ സന്തോഷമുണ്ട്.. ഒരു ദേശം അത്തരമൊരു പരിവേഷത്തിലറിയപ്പെടുന്നത്.. പക്ഷേ പാലക്കാട് അതു മാത്രമല്ല..

പനകളും തസറക്കും ഉണ്ടെങ്കിലും..

ഹാരിസ് said...

ന്‍‌റ്റെ കുട്ട്യെ,ജ്ജ് മാധവിക്കുട്ടിക്ക് പഠിക്ക്യാ...?

chithrakaran ചിത്രകാരന്‍ said...

ഏതു നേരവും ഈ പഞ്ചാര തിന്നാല്‍ മടുക്കില്ലേ നിസ? കയപ്പക്ക, നെല്ലിക്ക, നാരങ്ങ, ചപ്പാത്തി, നൂഡിത്സ്, മാങ്ങ, ചക്ക, അയമോദകം, മുതിരപ്പുഴുക്ക്, വെള്ളുള്ളി,ജീരകം,ചെമ്മീന്‍, കല്ലുമ്മക്കായ്, .... തുടങ്ങിയവകൂടി രുചിച്ചുനോക്കു. പഞ്ചസാരയുടെ സൌന്ദര്യം കൂടുമെന്നുമാത്രമല്ല... പ്രേമത്തിന്റെ പുറന്തോട് പൊട്ടുന്നതോടെ ജീവിതം വെറും മുട്ടത്തോടായി നിരാശയുടെ കുപ്പയില്‍ വലിച്ചെറിയപ്പെടാതിരിക്കാനും വിഷയ വൈവിധ്യം ഉപകരിക്കും.
പ്രണയത്തിന്റെ അതിപ്രസരം കണ്ടപ്പോള്‍ സസ്നേഹം കുറച്ചു സ്വാതന്ത്ര്യമെടുത്തതാണ്.
നിസയുടെ ബുദ്ധിപരമായകഴിവുകള്‍ അക്ഷരങ്ങളുടെ നിറവില്‍നിന്നും,കോര്‍ത്തുകെട്ടുന്ന സന്ധിസമാസങ്ങളില്‍നിന്നും വെളിപ്പെടുന്നുണ്ട്.
ഭാവുകങ്ങള്‍...!!!