Tuesday, January 15, 2008

ഒറ്റ

ആകാശം
ആരോ
അടയ്ക്കാന്‍ മറന്ന
ജാലകമാണ്.
അതിന്റെ ഓരോ അഴികളില്‍ നിന്നും
നിന്റെ കണ്ണുകള്‍
നക്ഷത്രങ്ങളായി
എന്നെ ഉറ്റുനോക്കുന്നു.

ഓരോ മഴത്തുള്ളിയില്‍ നിന്നും
നിന്റെ വിരലുകള്‍
മേഘങ്ങളുടെ സുതാര്യത കൊണ്ട്
എന്നെ സ്പര്‍ശിക്കുന്നു.

ചെടികള്‍
നിന്റെ ഹൃദയത്തില്‍ നിന്ന്
എന്റെ ഹൃദയത്തിലേക്ക്
വേരുകള്‍ നീട്ടുന്നു.

(ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം
പണിതീരാത്ത
നമ്മുടെ വീട്ടുമുറ്റത്തേതായിരുന്നുവോ)

എങ്കിലും
പ്രണയമേ
നീ എന്തിനാണ്
ഈ അനന്തതയിലേക്ക്
അവന്റെ ഹൃദയത്തിലേക്ക്
എന്നെ
ഒറ്റക്കാക്കി പോയത്..


45 comments:

യാരിദ്‌|~|Yarid said...

നിസ എല്ലാ കവിതയിലും നിരാശയാണല്ലൊ? എന്താണ് കാര്യം. എന്നെ കൊണ്ട് പറ്റുന്നതാണെങ്കില്‍ സോള്‍വ് ചെയ്തു തരാം.

പിന്നെ കവിത ഇഷ്ടപെട്ടില്ലെ കെട്ടൊ...[;)] ഇനി വരുന്നവരെല്ലാവരും ഇഷ്ടപെട്ടു എന്നു പറയും, നല്ലതെന്നൊക്കെ പറയും, അപ്പൊ കുറച്ചു വ്യത്യസ്തയുള്ള ഒരു കമന്റു കിടന്നോട്ടെ..എപ്പോഴും കൊള്ളാം കൊള്ളാം എന്നു പറഞ്ഞാ പെണ്‍കുട്ടികള്‍ക്കു അഹങ്കാരം കൂടും....[:P]

ഗീത said...

നിസ, ജാലകത്തിന്റെ അഴികളിലൂടെയല്ല ഉറ്റുനോക്കാന്‍ പറ്റുന്നത്‌, ജാലകപഴുതിലൂടെ ഉറ്റുനോക്കാം.

പിന്നെ,

‘ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച‘
എന്നൊക്കെ പറഞ്ഞാല്‍ എന്താണര്‍ത്ഥം?
എനിക്കും ഇതത്രക്കങ്ങട് ഇഷ്ടമായില്ല, കേട്ടോ?

പക്ഷേ വഴിപോക്കന്‍ പറഞ്ഞ റീസണ്‍ കൊണ്ടല്ല ...

സുല്‍ |Sul said...

അവന്റെ ഹൃദയത്തില്‍ നീ ഒറ്റക്കായതിനെന്തിനു വിഷമിക്കുന്നു നിസേ. അതല്ലേ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്?
ഇനി മലപ്പുറം സ്റ്റൈലിലാണേല്‍ ഒരു മൂന്ന് ആളേക്കൂടി താങ്കള്‍ക്ക് കൂട്ടിനയക്കാം, അവന്റെ ഹൃദയത്തിലേക്ക്.
-സുല്‍

നിലാവര്‍ നിസ said...

വഴിപോക്കന്‍, ഗീതിക, സുല്‍.. സന്തോഷം.
നിരാശയോ ..എനിക്കോ.. (പഴയ സന്തൂര്‍ സോപ്പ് പരസ്യത്തിന്റെ മോഡലില്‍ വായിക്കുക)
ഗീതിക.. ശരിയാണ്. പഴുതു തന്നെയാണ് ശരി. പക്ഷേ എനിക്ക് തിരുത്താന്‍ തോന്നുന്നില്ല (:
സുല്‍..
ഇല്ല..
ഈ ഏകാന്തത എത്ര മേല്‍ ഹൃദ്യം.
മലപ്പുറത്തുകാര്‍ കേള്‍ക്കേണ്ട..

ബയാന്‍ said...

പറഞ്ഞോളൂ.. പറഞ്ഞോളൂ.. ധൈര്യമായി പറഞ്ഞോളൂ..


പക്ഷെ അത്ര ധൈര്യം പോര.

:)

യുക്തിവാദി said...

ഇന്ത കവിതൈ എങ്ങോ പാത്തിരിക്കെ.

ഗുപ്തന്‍ said...

ട്രഡിഷണല്‍ ഇമേജുകളില്‍ ചിലതെങ്കിലും നിലനിര്‍ത്തേണ്ടതാണെന്ന് ഒരു വാശി കഴിഞ്ഞപോസ്റ്റിലെ ഒരു കമന്റില്‍ കണ്ടു. ആ ജാഗ്രത നന്നാവുന്നു എന്നാണ് എനിക്ക് തോന്നുന്നത്.


നിലാവിനെയും നക്ഷത്രങ്ങളെയും മഴത്തുള്ളിയെയും ഒക്കെ കവിതയില്‍ നിന്ന് പറിച്ചെറിയുന്ന പണി കഴിഞ്ഞു. പുതിയ നിറങ്ങളില്‍ അതൊക്കെ ഇനി നട്ടുപിടിപ്പിക്കണം.

പണി തുടങ്ങിയിട്ടേയുള്ളെങ്കില്‍ നന്ന്. ;) ബിംബങ്ങളെ പുനഃസ്ഥാപിക്കുമ്പോള്‍ കാല്പനികമായ രൂപഭദ്രത ഇല്ലെങ്കിലും ഒരൂ കൊളാഷിന്റെ ധ്വന്യാത്മകത നിലനിറുത്താനാവണം.

നാലാമത്തെ സ്റ്റാന്‍സ ഏറ്റവും മികച്ചതെന്ന് എന്റെ വായന. :)

യാരിദ്‌|~|Yarid said...

കളിയായി പറഞ്ഞതാണേലും സത്യമാണ്‍.. എനിക്കു ഈ കവിത തീരെ അങ്ങു ഇഷ്ടപെട്ടില്ല.....അല്ലേലും കവിത എനിക്കിഷ്ടമല്ല...:(

Sanal Kumar Sasidharan said...

ചെടികള്‍
നിന്റെ ഹൃദയത്തില്‍ നിന്ന്
എന്റെ ഹൃദയത്തിലേക്ക്
വേരുകള്‍ നീട്ടുന്നു.

sv said...

ആകാശം
ആരോ
അടയ്ക്കാന്‍ മറന്ന
ജാലകമാണ്.
അതിന്റെ ഓരോ അഴികളില്‍ നിന്നും
നിന്റെ കണ്ണുകള്‍
നക്ഷത്രങ്ങളായി
എന്നെ ഉറ്റുനോക്കുന്നു.

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

"ഇന്നു രാവില്‍ മാനത്ത് നിനക്കു വേണ്ടി കരഞ്ഞ് മറയുന്ന നക്ഷത്രത്തെ തിരിച്ചറിയ്...
അതില്‍ എന്‍റെ ഹ്രുദയത്തിന്‍റെ കയൊപ്പു ഉണ്ടു"

ജ്യോനവന്‍ said...

ഇവിടെ ശലഭങ്ങള്‍ കുത്തിവരച്ചിട്ട നിശബ്ദതയിലൂടെ
പണിതീരാത്ത വീട്ടിലെ പൂന്തോപ്പില്‍
വിതറിയിട്ട 'സൗന്ദ‌ര്യം' കവിതയെ വേറിട്ടതാക്കുന്നു.
എന്നിലാണു പ്രണയം മരിച്ചത് എന്ന വിലാപമുണ്ടോ
അവസാന വരികളില്‍!

Sherlock said...

ആകാശം - അടയ്ക്കാന് മറന്നു പോയ ജാലകം....ആദ്യമായാണ് ഇങ്ങനെയൊരു ഉപമ കേള്ക്കുന്നത്..:)

Teena C George said...

നിലാവേ... നന്നായി എന്നു പറയുമ്പോളും ഇതിലും മികച്ചത് കത്തുന്നിടം & അതിലും മികച്ചതു പൊട്ടല്‍ ഇവയൊക്കെ ആയിരുന്നു...

ഇതിലൊക്കെ മികച്ചത് ഇനിയും വരാനിരിക്കുന്നു എന്നു പ്രതീക്ഷിക്കുന്നു... ആശംസിക്കുന്നു...

Unknown said...

ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം
പണിതീരാത്ത
നമ്മുടെ വീട്ടുമുറ്റത്തേതായിരുന്നുവോ..
ഇതെനിക്കും മനസ്സിലായില്ല :-(.
അവസാന വരികള്‍ സുന്ദരം..

ജൈമിനി said...

നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം - നല്ല പ്രയോഗം...

ആകാശത്തിന്റെയും മഴത്തുള്ളികളുടെയും നോട്ടവും സ്പര്‍ശവും ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് വേരുകള്‍ നീട്ടുന്ന ചെടിയും... നല്ല ബിംബങ്ങള്‍.

പെട്ടെന്നു മാനത്തു നിന്നു ചെടികളിലേക്കു ചാടിയപ്പോളൊരു ചേര്‍ച്ചക്കുറവുണ്ടോന്നൊരു സംശയം.

കവിത വളരെ നന്നായി. :-)

ഗിരീഷ്‌ എ എസ്‌ said...

നിലാവേ
കാല്‍പനികകുളിരറിയുന്നു
സ്വപ്നങ്ങളുടെ
മനോഹാരിത അവസാനിക്കാതിരിക്കട്ടെ
ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം
പണിതീരാത്ത
നമ്മുടെ വീട്ടുമുറ്റത്തേതായിരുന്നുവോ

ഇത് പാതി മുറിഞ്ഞൊരു സ്വപ്നത്തെയാവും പറയുന്നത്, ആണോ?

കുഞ്ഞായി | kunjai said...

നല്ല വരികള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എങ്കിലുംപ്രണയമേ
നീ എന്തിനാണ്ഈ അനന്തതയിലേക്ക
അവന്റെ ഹൃദയത്തിലേക്ക്
എന്നെറ്റക്കാക്കി പോയത്..

പ്രണയം എത്ര പറയാന്‍ ശ്രമിച്ചാലും പിന്നെയും പിന്നെയും സ്വപ്നങ്ങലോകത്ത്
ചേതനകള്‍ ബാക്കിയാകുന്നൂ.
നിറം ചാലിച്ച സ്വപ്നങ്ങള്‍ സംസാരിക്കുന്നു എന്നോടുതന്നെ...
പക്ഷെ വിധി എന്നോട് നാളെകളെക്കുറിച്ചും...
ജലം ഒരരുവിയില്‍ നിന്നും ഒഴുകുന്നു ..
സ്നേഹം വിരഹം സ്വാന്തനം എല്ലാം ഒരു ജ്വാല പോലെ..
മനസ്സിനായി ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ച പനിനീര്‍ പൂവിനും നിറഞ്ഞുനില്‍ക്കുന്ന വിഷാദത്തിനും എല്ലാം ഒരേസ്വരം.!!

മയൂര said...

“ചെടികള്‍
നിന്റെ ഹൃദയത്തില്‍ നിന്ന്
എന്റെ ഹൃദയത്തിലേക്ക്
വേരുകള്‍ നീട്ടുന്നു.“

ഈ വരികള്‍ ഇഷ്ടമായി...

നിലാവര്‍ നിസ said...

ബയാന്‍.. ആരെയാണ് പേടി?
യുക്തിവാദി.. എവിടെ എന്നു ഓര്‍ത്തു നോക്കൂ..
ഗുപ്തന്‍, വഴിപോക്കന്‍, സനാതനന്‍, എസ് വി, ജ്യോനവന്‍, ജിഹേഷ്, ടീന, ആഗ്നേയ, മിനീസ്, ദ്രൌപതി, പ്രിയ, കുഞ്ഞായി, മിന്നാമിനുങ്ങ്, മയൂര.. കൂട്ടുകാര്‍ക്ക് നന്ദി.. സ്നേഹം..

Sharu (Ansha Muneer) said...

ഏറെ വൈകി വരാന്‍..... ആദ്യവരി നന്നേ ഇഷ്ടമായി.... ഇടക്കെപ്പോഴോ കവിതയുടെ മനോഹാരിതയ്ക്ക് മങ്ങലേറ്റോ എന്നൊരു സംശയം.... സംശയമാകും അല്ലെ?

ഹരിശ്രീ said...

നിലാവര്‍ നിസ,

നന്നായിരിയ്കുന്നു.

ആശംസകള്‍

ഉപാസന || Upasana said...

ഓരോ മഴത്തുള്ളിയില്‍ നിന്നും
നിന്റെ വിരലുകള്‍
മേഘങ്ങളുടെ സുതാര്യത കൊണ്ട്
എന്നെ സ്പര്‍ശിക്കുന്നു.

Good words Nisa
:)
ഉപാസന

ഹാരിസ്‌ എടവന said...

kavithayil oru ghazlantey isalukal thangi nilkkunnathu poley

നിലാവര്‍ നിസ said...

ഷാരു.. സന്തോഷം.കവിതയില്‍ സംശയങ്ങള്‍ക്ക് സ്ഥാനമില്ലെന്നു തോന്നുന്നു.. ഓരോ വായനയുടെയും സത്യങ്ങള്‍ മാത്രം.
ഉപാസന, ഹരിശ്രീ, ഹാരിസിക്ക.. നന്ദി.

G.MANU said...

എങ്കിലും
പ്രണയമേ
നീ എന്തിനാണ്
ഈ അനന്തതയിലേക്ക്
അവന്റെ ഹൃദയത്തിലേക്ക്
എന്നെ
ഒറ്റക്കാക്കി പോയത്..

ഉത്തരം സിമ്പിള്‍ മാഷേ..
പ്രണയത്തിനു നിങ്ങളോട്‌ പ്രണയം ഉള്ളതുകൊണ്ട്‌...താലിത്തുമ്പില്‍ കുരുക്കി കൊന്നില്ലല്ലോ...

ശെഫി said...

കവിത തുടങ്ങിയ വരികള്‍ എനിക്കു നന്നായി ബോധിച്ചു..പക്ഷേ പിന്നെയുള്ളവയൊന്നും ആദ്യ വരികള്‍ക്കൊത്തുയര്‍ന്നില്ല.

എന്നാലും കവിത മോശമെന്ന് പറയില്ല..

പ്രയാസി said...

ഗൊള്ളാം..:)

CHANTHU said...

കവിത നല്ല രസമുണ്ട്‌ വായിക്കാന്‍.
(പക്ഷെ ആകാശം നിങ്ങളുടെ ജാലകമൊന്നുമല്ല. അതിന്നെന്റെ ഭക്ഷണമാണ്‌, ഞാനതിനെ വിഴുങ്ങും. നോക്കിക്കോ)

സജീവ് കടവനാട് said...

പറഞ്ഞോളൂ.. പറഞ്ഞോളൂ.. ധൈര്യമായി പറഞ്ഞോളൂ..

പറയട്ടേ,

അതേ പ്രണയമുള്ള ഏഴ് കാമുകിമാര്‍ വേറെയുമുണ്ട്. ഒരെണ്ണത്തെ ഈയടുത്തകാലത്താ മൊഴിചൊല്ലീത്. ഇപ്പൊ മനസിലായില്ലേ നീ ഒറ്റക്കല്ലെന്ന്.

സജീവ് കടവനാട് said...

ആ സുല്ലേട്ടന്‍ ഞമ്മക്കിട്ടൊന്ന് മേടീട്ടാ പോയത് ല്ലേ? അസൂയ, അസൂയതന്നെ. മരുന്നില്ല മാഷേയ്.

Gopan | ഗോപന്‍ said...

നല്ല വരികള്‍ നിസ..
തകര്‍ന്ന ഒരു സ്വപ്നത്തിന്‍റെ നനവിതില്‍ കണ്ടു..
സ്നേഹത്തോടെ
ഗോപന്‍

നീലിമ said...

kollaam nalla kavithakal.

കാവലാന്‍ said...

"ആകാശം
ആരോ
അടയ്ക്കാന്‍ മറന്ന
ജാലകമാണ്.
അതിന്റെ ഓരോ അഴികളില്‍ നിന്നും
നിന്റെ കണ്ണുകള്‍
നക്ഷത്രങ്ങളായി
എന്നെ ഉറ്റുനോക്കുന്നു."

മറന്നതാവില്ല ചുമ്മായിങ്ങനെ നോക്കിയിരിക്കാന്‍ വേണ്ടി തുറന്നിട്ടതാവാം.

നിലാവര്‍ നിസ said...

മനു, പ്രയാസി, ശെഫി, ചന്തു, കിനാവ്, ഗോപന്‍, നീലിമ, കാവലാന്‍.. സന്തോഷം..

അനിലൻ said...

നിലാവ്പോലെ... :)

Sandeep PM said...

ശലഭങ്ങളെയും നിശബ്ദതയെയും കൂട്ടിവരച്ചത്‌ നന്നായി.പ്രണയം ആകാശത്ത്‌ നിന്നും പറിച്ച്‌ നട്ടാല്‍ കൊള്ളാം

അച്ചു said...

പ്രണയത്തിനോടും പ്രണയമോ??...അങ്ങിനെയാണ് എനിക്കു തോന്നിയത്....

നിലാവര്‍ നിസ said...

അനിലന്‍, കാലമാടന്‍, ദീപു, കൂട്ടുകാരന്‍... സന്തോഷം..

Mahesh Cheruthana/മഹി said...

:)
ആശംസകള്‍!

കൊസ്രാക്കൊള്ളി said...

അവസാനത്തില്‍ ഒറ്റയ്ക്കാക്കി പോയത്‌ എന്ന്‌ മാറ്റി എഴുതി നോക്കൂ ഭാവം മാറും

ബ്ലോഗിലമ്മ കാക്കട്ടെ മറുപടി കൊസ്രാക്കൊള്ളിയില്‍ പോസ്റ്റണം

Rafeeq said...

:-) :-)

നിലാവര്‍ നിസ said...

മഹി, കൊസ്രാക്കൊള്ളി.. നന്ദി.
റഫീക്ക്... ):):

മനു സി കുമാര്‍ said...

അവസാന ഖണ്ഡിക ഒഴിവാക്കൂ......കവിത നന്നാവും...
ആശയം അവസാനിപ്പിക്കാന്‍ വേണ്ടി വെറുതേ നാലുവരിയാണതില്‍... അതുവേണ്ട
പൂര്‍ണമാകാത്ത ആശയമാണു കവിതയിലെങ്കില്‍ എന്താണു കുഴപ്പം?
മുന്‍ധാരണകള്‍ പാടില്ല, കവിതയില്‍