Friday, April 18, 2008

കൈതച്ചക്ക

ചെറുപ്പത്തില്‍
കൈതച്ചക്ക പറിക്കാന്‍
തോട്ടിന്‍ കരയില്‍ പോയതോര്‍ക്കുന്നു
തോട്ടിന്‍ കരയില്‍
മുണ്ടു മാടിക്കുത്തി
ചുണ്ടില്‍ സിഗററ്റുമായി
എടീ പുല്ലന്‍ ലോകമേ
എന്ന അവന്റെ നില്പ് ഓര്‍മ വരുന്നു.
കൈതച്ചെടികള്‍ക്കിടയില്‍ നിന്നും
നിന്നെ ഒന്നു ചുംബിച്ചോട്ടേ എന്നു ചോദിച്ച്
തലയുയര്‍ത്തിയ
പേരറിയാത്ത
പാമ്പിനെ ഓര്‍മ വരുന്നു.

എത്ര വേഗമാണ്
എല്ലാം ഓര്‍മയായത്

തോട് റോഡായി
കൈതച്ചെടിയുടെ സ്ഥാനത്ത്
കരിങ്കല്‍ക്കെട്ടുകളായി.
ഇപ്പോള്‍ എവിടെയായിരിക്കും അവന്‍?
ആ പാമ്പ്?

പ്ലേറ്റില്‍ അരിഞ്ഞിട്ട കൈതച്ചക്കയില്‍
പഞ്ചസാര അലിഞ്ഞിറങ്ങുന്നു
ഉടലിലൂ‍ടെ എന്തോ താണിറങ്ങുന്നു
ഒരുറുമ്പാണ്.

പഞ്ചസാരയില്‍ അലിഞ്ഞ
കൈതച്ചക്കയാണ് ഞാനെന്ന്
ഉറുമ്പ് കരുതിയിട്ടുണ്ടാവുമോ?

36 comments:

നജൂസ്‌ said...

കരുതികാണില്ല. ഉറുമ്പല്ലേ... :)

Anonymous said...

അമ്പരപ്പിക്കുന്ന ബിംബസംയോജനം .. ഇഷ്ടമായി ഇത് :)

ഹാരിസ് said...

വായിച്ച് കഴിഞ്ഞപ്പോള്‍ ഉടലിന്‍ നടുവിലൂടെ പാഞ്ഞ് പോയൊരു കമ്പനം എന്തായിരിക്കും...?
നിലാവര്‍,ഗുപ്തന്‍ പറഞ്ഞത് നേര്.

Unknown said...

nannayirikkunnu.

അനാഗതശ്മശ്രു said...

എഴുത്തു അസ്സലായി .നിലാവെ

ശ്രീ said...

കൊള്ളാം.
:)

ഫസല്‍ ബിനാലി.. said...

പ്ലേറ്റില്‍ അരിഞ്ഞിട്ട കൈതച്ചക്കയില്‍
പഞ്ചസാര അലിഞ്ഞിറങ്ങുന്നു
ഉടലിലൂ‍ടെ എന്തോ താണിറങ്ങുന്നു

ഇറങ്ങുന്നത് പമ്പാണോ എന്ന് പേടിച്ചു പോയീ
നന്നായിട്ടുണ്ട്, ആശംസകള്‍

കാപ്പിലാന്‍ said...

നിസ... നന്നായി എന്ന് പറഞ്ഞാല്‍ അതു വെറും ഭംഗി വാക്കായ് മാത്രം കരുതരുത്.എന്നെ കുറെ നേരം ആലോചിപ്പിച്ചു .ഒരു അഭിപ്രായം പറയാന്‍.വളരെ നല്ലത് .ബിംബങ്ങള്‍ ശരിക്കും പ്രതിഫലിക്കുന്നു വരികള്‍ക്കിടയിലൂടെ

Unknown said...

പ്രണയ കവിത എഴുതീട്ട് വിശന്നിട്ടാണൊ കൈതാ ചക്ക തേടി പോയത് .
ഇതാ ഒരു കാപ്പു മോഡല്‍
കവിത
കൈത ചക്കെ കൈതചക്കെ
ടക്കടാ ടക്കടാ ടക്കെ
മുള്ളു കാട്ടി പേടിപ്പിക്കാതെടാ
പൊന്നു മോനെ ടക്കടാ ടക്കെ

നിരക്ഷരൻ said...

നിസ

വായിച്ചു. കവിതയുടെ കാതലൊന്നും മനസ്സിലാക്കാനുള്ള അക്ഷരാഭ്യാസം ഇല്ലാത്തവനാണെന്ന് പേരില്‍ നിന്ന് മനസ്സിലാക്കാമല്ലോ ? ബിംബങ്ങളെപ്പറ്റി ഗുപ്തനും, കാപ്പിലാനും പറഞ്ഞത് അലോചിച്ചുകൊണ്ടിരുന്നു. ഇങ്ങനെ കുറേ കവിതകള്‍ വായിച്ച് വായിച്ച് ആലോചിച്ച് അവസാനം കവയിത്രിയേയും കവിതയേയും ഒക്കെ മനസ്സിലാക്കാന്‍ എനിക്കും സാധിക്കുമായിരിക്കും അല്ലേ ? ഇനിയും വരാം വായിക്കാം. ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

നിലാവേ...
മനോഹരമായ കവിത...
ഗ്രാമത്തിന്റെതായി
സ്വന്തമുണ്ടായിരുന്നതെല്ലാം ഇന്ന്‌ നഷ്ടത്തിന്റെ പടവുകളിലൂടെ ഇറങ്ങിപോവുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌...

പുഴയും പാടവും കാവും അതില്‍ ചിലത്‌ മാത്രം...

ആശംസകള്‍

Rafeeq said...

:)
നന്നായിട്ടുണ്ട്‌.. ഒരോര്‍മ്മ.. :)

കാപ്പിലാന്‍ said...

ഈ അനൂപിനോട് ഞാന്‍ പലപ്രാവശ്യം പറഞ്ഞു.മാക്രി വാറ്റ് കുടിക്കല്ലേ ..കുടിക്കല്ലേ എന്ന് .കണ്ടില്ലേ ഇപ്പോള്‍ കാപ്പിലാന്‍ മോഡല്‍ കവിതയുമായി .എടാ മോനെ വീട്ടില്‍ പോടാ .ഇവിടെ കിടന്നു കറങ്ങാതെ :):)

ചിതല്‍ said...

തോട്ടിന്‍ കരയില്‍
മുണ്ടു മാടിക്കുത്തി
ചുണ്ടില്‍ സിഗററ്റുമായി
എടീ പുല്ലന്‍ ലോകമേ
എന്ന അവന്റെ നില്പ് ഓര്‍മ വരുന്നു.


എത്ര വേഗമാണ്
എല്ലാം ഓര്‍മയായത്
ugran....

ഭൂമിപുത്രി said...

വായിച്ചുതീരുമ്പോഴേയ്ക്ക്
അലിഞ്ഞ്പോയല്ലോ ഞാനും..
നിസ,അസ്സലായീ !

siva // ശിവ said...

so nice......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട് നിസാ

ബിന്ദു കെ പി said...

നിസ,
ആദ്യമായാണ് ഈ വഴി. കവിത വായിച്ചു. കവിതകള്‍ മനസ്സിലാക്കാനുള്ള പരിജ്ഞാനം കുറവാണ്. എങ്കിലും ലളിതമായ ഈ ആ‍വിഷ്കരണം ഇഷ്ടപ്പെട്ടു..

കുറ്റ്യാടിക്കാരന്‍|Suhair said...

കവിത വായിച്ചാസ്വദിക്കാന്‍ മാത്രം വിവരമൊന്നുമില്ല.അതു കൊണ്ട് ഇതിന്റെ അന്തരാര്‍ത്ഥങ്ങളൊന്നും (അങ്ങനെത്തന്നെയല്ലേ?)മനസിലായില്ല.

നന്നായിട്ടുണ്ട്. (എനിക്ക് മനസിലായിടത്തോളം)

സുധീർ (Sudheer) said...

This change from your
usual style seems good.
Best wishes.

ദൈവം said...

simply great :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ചില സ്പര്‍ശങ്ങള്‍.
ചില ഓര്‍മ്മകള്‍.
ചിലയിടങ്ങള്‍.
ആസക്തികളായി.....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗുപ്തന്‍റെ കമണ്റ്റിനു താഴെ കയ്യൊപ്പ്‌. (നിരക്ഷരനോട്‌ നന്ദി. കൈതച്ചക്കയില്‍കൈ വെച്ചില്ലല്ലോ, സമാധാനം. - കറിവേപ്പിലയെ കുഴിമാടത്തിലിട്ട കാര്യത്തിന്‌പരിഹാരം കണ്ടേക്കണം പറഞ്ഞേക്കാം. നിരക്ഷരാ)

ഹരിത് said...

ഇന്നേ കാണാന്‍ കഴിഞ്ഞുള്ളൂ. വളരെ നല്ല കവിത. ഇഷ്ടമായി.

എം.എച്ച്.സഹീര്‍ said...

ബിംബങ്ങള്‍ വളരെ നന്നായിരിക്കുന്നു. എന്തും നാം പൊതിഞ്ഞ്‌ പറയുമ്പോള്‍ വല്ലാത്തരു ഭംഗിയാണ്‌, ഇന്ന്‌ അത്രയേ വേണ്ടു...ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിണ്റ്റെ ഗന്ധം അവളുടെ നിശ്വാസങ്ങളിലൂടെ അറിഞ്ഞു എന്നു പറയുമ്പോള്‍ എല്ലാം പൂര്‍ണ്ണമായ തോന്നലാണ്‌ എനിയ്ക്കും എഴുതുമ്പോള്‍ ശരിയ്ക്കും അത്രയേ വേണ്ടൂ..നന്നായി നിസാ..ഇനിയും പ്രതീക്ഷിക്കുന്നു, ആശംസകള്‍....

സിനി said...

നമ്മുടെതെന്ന് കരുതി നാം അഹങ്കരിച്ചിരുന്നതെല്ലാം
കാലത്തിന്റെ കുത്തൊഴുക്കില്‍ പടിയിറങ്ങുമ്പോള്‍
ഒരിത്തിരി കണ്ണീര് പൊടിയാതെ വയ്യ.

നിസ, നന്നായിരിക്കുന്നു.
വരികളും കവിതയും

Rare Rose said...

നിസാ..,എന്താണു പറയുക...ഒരു കൈതച്ചക്കയിലൂടെ നഷ്ടപ്പെട്ട ഓര്‍മ്മകളെ കണ്ടെടുത്തത് എന്നെ അമ്പരപ്പിച്ചു കളഞ്ഞു...അവസാനം വായിച്ചു ഞാനും അതിലലിഞ്ഞു പോയി..എറെ ആകര്‍ഷിച്ചുട്ടാ ഈ വേറിട്ട എഴുത്തു...ഇനിയും തുടരൂ...:)

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു.
മുകളില്‍ കൊട്ടിഘോഷിക്കപ്പെട്ടത്ര
ബിംബസം‌യോജനങ്ങളൊന്നും കണ്ടില്ല...
പൂറ്വ്വ വായനകള്‍ വെച്ചു നോക്കുമ്പോള്‍
ധൃതി പിടിച്ചെഴുതിയതുപോലൂണ്ട്.
ഇയാളുടെ ഭാഷാവഴക്കം വെച്ചു നോക്കുമ്പോള്‍
ഭാഷയും ബിം‌ബകല്പ്പനകളും
എല്ലാം ഇനിയും നന്നാക്കാമായിരുന്നു എന്നു തോന്നുന്നു


"പഞ്ചസാരയില്‍ അലിഞ്ഞ
കൈതച്ചക്കയാണ് ഞാനെന്ന്
ഉറുമ്പ് കരുതിയിട്ടുണ്ടാവുമോ?"

ഇത്തരം പ്രയോഗങ്ങളില്‍ പ്രതിഭാ വിളയാട്ടം
പ്രകടമായിട്ടുണ്ട്
ആശംസകളോടെ
മണല്‍ക്കിനാവ്

yousufpa said...

ഹായ്..ദെന്താത്ര തര്‍ക്കം മധുരള്ളോട്ത്ത് എറുമ്പ്ണ്ടാവൂലൊ..ഇല്യ..?

ഗീത said...

നിസാ, കവിത കൊള്ളാം....
പിന്നെ,ഞാനും നിരക്ഷരനെ പോലെ...
ബിംബങ്ങള്‍ എന്താന്നൊന്നും മനസ്സിലായില്ല.
മനസ്സിലായത് , പച്ചപ്പാടങ്ങള്‍‍ മാറി കോണ്‍ക്രീറ്റ് പാടങ്ങളാകുന്നത്......
ഇതൊരു ബിംബമാണെങ്കില്‍ അതു മനസ്സിലായി.
പിന്നെ അത്കന്‍ പറഞ്ഞപോലെ മധുരമുള്ളിടത്ത് ഉറുമ്പ് വരും. വളരെ സിമ്പിള്‍........
പിന്നെ,
‘എടീ പുല്ലന്‍ ലോകമേ’ ഈ പ്രയോഗത്തിനോട് കാപ്പിലാനോട് കടപ്പെട്ടിരിക്കുന്നോ നിസാ?
കാപ്പിലാന്റെ ‘വെളുത്ത മുട്ട’വായിച്ചശേഷം....

ഉഗാണ്ട രണ്ടാമന്‍ said...

എഴുത്തു അസ്സലായി...:)

Minnu said...

ividethanneyundu...verutheyirunnappol pazhayakaaryangalokke orma vannu

അജയ്‌ ശ്രീശാന്ത്‌.. said...

ഗ്രാമഭംഗിയുടെ ആത്മാവുകളാണ്‌... പുഴയും കാവും പാടവുമെല്ലാം...അവയ്ക്കെല്ലാം ചരമഗീതമെഴുതാനുള്ള തിരക്കില്‍ നെട്ടോടമോടുകയാണ്‌ നാഗരികതയുടെ തിരക്കില്‍ അകപ്പെട്ട മനുഷ്യര്‍...
നന്നായിരിക്കുന്നു...
കവിത ഇഷ്ടപ്പെട്ടുട്ടോ...

- said...

കവിത ? :)

സജീവ് കടവനാട് said...

ഇതിപ്പഴാണല്ലോ കണ്ടത്.നന്നായിരിക്കുന്നു.
എങ്കിലും

തോട്ടിന്‍ കരയില്‍
മുണ്ടു മാടിക്കുത്തി
ചുണ്ടില്‍ സിഗററ്റുമായി
എടീ പുല്ലന്‍ ലോകമേ
എന്ന അവന്റെ നില്പ് ഓര്‍മ വരുന്നു.

ഈ വരികളുടെ മേന്മ തുടര്‍ന്നു വന്ന വരികളില്‍ നിലനിര്‍ത്താനായില്ലെന്നു തോന്നുന്നു.

Sandeep PM said...

നിസ പറഞ്ഞു വന്നതിന്‌ അവസാനമായപ്പോള്‍ ഒരു രൂപമാറ്റം സംഭവിച്ചു.
നല്ലതോ ചീത്തയോ എന്ന് പറയാനറിയില്ല.