Wednesday, July 30, 2008

മാറ്റല്‍

ഒരേ കുടയില്‍
നാം നനഞ്ഞില്ല മഴക്കാലം
ഒരേ പുതപ്പില്‍
നാം ആട്ടിയകറ്റിയില്ല മഞ്ഞുകാലം.
കണ്ണുകളൊരിക്കലും പിടിച്ചെടുത്തില്ല
സമാനതകളുടെ രേഖീയതകള്‍.

ഞാന്‍ നിറയെ
ഞാറുപൂക്കുന്ന ഒരു കാലം കിനാവു കണ്ടു
കിനാവിലല്ല കാര്യമെന്നു നീ പറഞ്ഞു.
എന്റെ കിനാവിപ്പോഴും
കിനാവായി തുടരുന്നു
നീ നിനക്കായി പണിത
ഭാവിയുടെ ചാരുകസേര
കാലൊടിഞ്ഞു കിടക്കുന്നു.

നിന്റെ വെള്ളത്തൂവല്‍ പുതപ്പിച്ച
ശരീരം കണ്ടപ്പോള്‍
എന്നില്‍ നിന്നും എന്തോ
പറിഞ്ഞുപോകുന്നതിന്റെ ശബ്ദം കേട്ടു.
അത് എന്തായിരിക്കുമെന്ന്,
ടീച്ചര്‍ തല്ലാന്‍ വരുമ്പോള്‍
തെറ്റിയ കണക്കിന്റെ ഉത്തരം
ചെവിയില്‍ പറഞ്ഞു തരും പോലെ
നീ ഒന്നു പറഞ്ഞു തരുമോ
എന്റെ പ്രിയപ്പെട്ട...

Thursday, June 19, 2008

കണ്ണേ

കട്ടിക്കണ്ണടയ്ക്കിടയില്‍
നക്ഷത്രം പോലെ മിന്നുന്ന
നിന്റെ കണ്ണുകള്‍
പൂവു പോലെ പറിച്ചെടുക്കുന്നു ഞാന്‍.
അതില്‍ നിന്നുമെനിക്ക്
വേര്‍തിരിക്കണം
ജീവിതത്തിന്റെ അനന്തത
നീ നടന്ന വഴി
കുടിച്ചു തീര്‍ത്ത ശൂന്യത
മുറിവിന്റെ ആഴം
മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരി.

എല്ലാം
ഒരു ചെറു കിനാവു പോല്‍
അരിച്ചെടുക്കണം.
നിന്റെ കണ്ണില്‍
അലയടിക്കും കടല്‍.
അതില്‍ തിരയെഴുതും കവിത
വരികളില്‍ ചാഞ്ചാടും
ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍
മഴത്തുള്ളി പോല്‍ ചാടുന്ന കുട്ടികള്‍
കാറ്റ്
കാറ്റിലുലയുന്ന കപ്പല്‍
കപ്പലില്‍ കെട്ടിപ്പിടിക്കുന്ന പ്രണയം
എല്ലാം
ഒന്നിച്ചു പുണരണം.
*************
നിന്റെ കണ്ണില്‍
ഞാന്‍ തന്ന ചുംബനങ്ങളുടെ
വിത്തുകള്‍ വളര്‍ന്നു തുടങ്ങിയോ?
റെറ്റിനയില്‍ കുടുങ്ങിയ
സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?

ഇതെല്ലാം അവിടെത്തന്നെവച്ച്
എങ്ങനെയാണ്
ഞാന്‍ നിന്റെ കണ്ണുകള്‍ മാത്രം
വേര്‍തിരിച്ചെടുക്കുക?
നിനക്ക്
നക്ഷത്രങ്ങള്‍ കണ്ണുകളാകുമെങ്കിലും?