Thursday, March 13, 2008

അവസാനത്തെ കവിത

ഞാന്‍ ചെവി കൂര്‍പ്പിച്ചതും
അവന്റെ വാക്കിനെ കാറ്റു കൊണ്ടു പോയി
കണ്ണു തുറക്കുമ്പോളേക്കും
അവന്റെ കാഴ്ചയെ
ഒരു നക്ഷത്രം പിടിച്ചെടുത്തു.
മൂക്കു വിടര്‍ത്തിയതും
അവന്റെ ഗന്ധത്തെ
മേഘങ്ങള്‍ വലിച്ചെടുത്തു.
ഞാന്‍ സ്പര്‍ശിക്കാന്‍ കൊതിച്ചതും
അവന്റെ ഉടലിനെ
മണ്ണ് ചേര്‍ത്തു പിടിച്ചു..

Wednesday, March 5, 2008

കടല്‍ ഭൂമി

എത്ര മണ്ണു മാറ്റിയാലാണ്
നിന്നെക്കുറിച്ചുള്ള ഓര്‍മകളുടെ
വേര് പിഴുതുകളയാനാവുക?

എത്ര കടല്‍ കോരിയൊഴിച്ചാലാണ്
നീ തന്ന സ്വപ്നങ്ങളുടെ കറ
കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?

നീ കടലും
ഞാന്‍ കരയുമായിരുന്നെങ്കില്‍
ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക്
വരുമായിരുന്നു.

ഇനിയൊരു സുനാമി
എത്ര കാലം കഴിഞ്ഞാണ്
വരിക?