എന്റെ വാക്കുകൾ കൊത്തിയെടുക്കുവാൻ
നീയെന്തിനാണിങ്ങനെ
ഭൂമിയിൽ ആഞ്ഞു കൊത്തുന്നത്?
കിളികളും കാറ്റുകളും പൂമ്പാറ്റകളും
വിതച്ച വിത്തുകൾ വളർന്നു വരുന്നു
അവയൊന്നും നിന്റെ ഒറ്റ നോട്ടത്താൽ
ഇല്ലാതാക്കല്ലേ..
മഞ്ഞു മണക്കുന്ന വാക്കുകൾ
ഞാൻ നിനക്കായി തന്നു
പകരം നീയെനിക്ക്
നക്ഷത്രങ്ങളും
കടലും
പതിച്ചു നൽകി
അതിലൊക്കെ ഞാൻ
നഷ്ടപ്പെട്ടു പോയ എന്നെ
ഓരോ നിമിഷവും കണ്ടെത്തുന്നു
നിന്റെ തല ഇപ്പോഴും
കുനിഞ്ഞു തന്നെ
പ്രണയം ഒരു കുറ്റമാണെന്ന പോലെ
ആരോടും പറയേണ്ട
ഭൂമിയിൽ നിന്ന്
നീ പെറുക്കിയെടുത്ത
ആ വിത്തുകൾ
നിന്നോടു പറഞ്ഞ
രഹസ്യങ്ങൾ.