നിനക്ക് പതിവു പോലെ എഴുതാനിരുന്നതാണ്
കടലാസ്സിലെ കുനിയനുറുമ്പുകള്‍
ഇതാ, ഇപ്പോള്‍
ശലഭങ്ങളായി പറന്ന്
ജനാലയ്ക്കപ്പുറം
വസന്തം മറന്നിട്ട ചെടികള്‍ക്ക്
ഉമ്മ കൊടുക്കുമെന്നു കരുതിയതാണ്...
പകരം
പകുതിയെഴുതിയ കത്തില്‍ നിന്ന്
ഇതാ ചാടിയിറങ്ങുന്നു
ഒരു പുല്‍ച്ചാടി.
പകച്ച കണ്ണുകളുമായി
തന്നെ കൂട്ടിക്കൊണ്ടു പോകാന്‍
ഭൂമിയും മരങ്ങളും അയച്ചയാള്‍
വന്നുവോ എന്ന് പതറി നോക്കി
അതു കടലാസ്സിലിരുന്നു.
അതിന്റെ ചിറകില്‍ മുഖമമര്‍ത്തിയ
ഇളവെയിലിനേയും
എപ്പോള്‍ വന്നുവെന്ന്് കുശലം ചോദിച്ച
കാറ്റിനേയും കൂട്ടിരുത്തി
ഞാന്‍ വൈകുന്നേരത്തിന്റെ
വയലില്‍ നടക്കാന്‍ പോയി.
തിരികെ വന്നപ്പോള്‍
കടലാസ്സില്‍ ഉറുമ്പുകളില്ല
പുല്‍ച്ചാടിയും...
ശേഷിച്ചത് ഈ പകുതിയായ ചിറകാണ്..
കടലാസ്സില്‍ അടക്കം ചെയ്ത്
ഇതിനെ നിനക്കു തന്നെ അയച്ചു തരുന്നു ഞാന്‍.
പകരമായി തരണേ,
നീയിന്നലെ ചവിട്ടിയരച്ച പുല്‍ത്തലപ്പ്
ഇന്നു പ്രസവിച്ച
ആ ചുവന്ന പൂവ്...